കാലിലെ ആണി രോഗത്തിന് പപ്പടം ചവിട്ടൽ.. തലമുടി വളരുവാൻ ചൂലു വഴിപാട്..

വിചിത്രവും അപൂർവവുമായ വഴിപാടുകളാലും നിരവധി ആഘോഷങ്ങളാലും പ്രസിദ്ധമായ ക്ഷേത്രമാണ് ഇരുനിലംകോട് ക്ഷേത്രം. തൃശ്ശൂർ ജില്ലയിലെ മുള്ളൂർക്കര റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള മുള്ളൂർക്കര ഗ്രാമത്തിലാണ് ഇരുനിലംകോട് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
 

വിചിത്രവും അപൂർവവുമായ വഴിപാടുകളാലും നിരവധി ആഘോഷങ്ങളാലും പ്രസിദ്ധമായ ക്ഷേത്രമാണ് ഇരുനിലംകോട് ക്ഷേത്രം. തൃശ്ശൂർ ജില്ലയിലെ മുള്ളൂർക്കര റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള മുള്ളൂർക്കര ഗ്രാമത്തിലാണ് ഇരുനിലംകോട് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ഒരു പുരാതന ഗുഹാക്ഷേത്രമാണ് ഇത്.  കേരള സർക്കാരിൻ്റെ പുരാവസ്തു വകുപ്പിൻ്റെ സംരക്ഷണത്തിലാണ് ഇന്ന് ഈ ക്ഷേത്രം. എങ്കിലും ശ്രീകോവിലിൽ പൂജകളുണ്ട്. ഗുഹയ്ക്കുള്ളിൽ കൊത്തിയെടുത്ത ഒരു മൂർത്തിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. മൂർത്തി സ്വയംഭൂവാണെന്നാണ് വിശ്വാസം.

പപ്പടം ചവിട്ടൽ ഇവിടുത്തെ പ്രശസ്തമായ വഴിപാടുകളിൽ ഒന്നാണ്. കാലിലെ ആണി പോലുള്ള പാദങ്ങളിലെ രോഗശമനത്തിനായാണ് ഇത് ചെയ്യുന്നത്. കാച്ചിയപപ്പടം ഒരു നാക്കിലയിൽ നടയ്ക്കു മുമ്പിൽ വെക്കുന്നു. ഭഗവാന് അഭിമുഖമായി നിന്ന് പതിമൂന്നോളം കാച്ചിയ പപ്പടത്തിൽ കയറിനിന്ന് കാലുകൊണ്ട് ചവിട്ടി പൊട്ടിക്കുന്ന ചടങ്ങാണിത്.

Read more: ശിവന്റെ മൂന്നാം കണ്ണില്‍ നിന്ന് ജനിച്ച ഭഗവാൻ..മദ്യം സമർപ്പിച്ചാൽ ആഗ്രഹങ്ങൾ സഫലമാകും..

ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകതയാർന്ന വഴിപാടാണ് ചൂല് വഴിപാട്. അകാരണമായ മുടികൊഴിച്ചിലിനും, തലമുടി വളരുവാനും വേണ്ടിയാണ് ഈ വഴിപാട് നടത്തപ്പെടുന്നത്. ഭഗവാന് കാണത്തക്കവിധത്തിൽ തലമുടി മുൻവശത്തേക്ക് ഇട്ട് ചൂലുകൊണ്ട് ഏഴുപ്രാവശ്യം ഉഴിയുന്നു. അതിനുശേഷം ചൂല് തറയിൽ വെച്ച് നമസ്കരിക്കുന്നു. രണ്ട് കൈകൾ കൊണ്ട് ചൂലെടുത്ത് ഉഴിയുമ്പോൾ ചൂലിൻ്റെ കടഭാഗം മുകളിലും, തലഭാഗം കീഴോട്ടും ആയിരിക്കണം. ഉഴിഞ്ഞശേഷം വിലങ്ങനെ ചൂൽ തറയിൽ വെക്കുമ്പോൾ തലഭാഗം കിഴക്ക് ദിക്ക്നോക്കിയാണ് വെക്കേണ്ടത്. ഇച്ഛാശക്തിയോടെ പ്രാർത്ഥിക്കുന്നവർക്ക് ജടാധാരിയായിരിക്കുന്ന ഭഗവാൻ തൻ്റെ കേശത്തിൽ നിന്നൊരു പങ്ക് നൽകുന്നു എന്നാണ് വിശ്വാസം. 

ശരീരത്തിലെ കർമേന്ദ്രിയങ്ങൾക്ക് വിഘ്നങ്ങൾ വന്നാൽ, അതത് രൂപങ്ങൾ മരത്തിലോ വെള്ളിയിലോ ആയി ആൾരൂപമായി ഭഗവാന് സമർപ്പിക്കുന്നു. മാനസിക അസുഖങ്ങൾക്ക് 41 ദിവസത്തെ ഭജനം ഇരിക്കുകയും ഇവിടെ പതിവാണ്. ഇതിനുപുറമെ വിവാഹ തടസ്സം മാറുവാൻ പൂമൂടൽ, ശത്രു ദോഷത്തിന് ഗുരുതിപൂജ എന്നിവയും ഇവിടെ നടത്തുന്നു.

ക്ഷേത്രത്തിലെ പ്രധാന ആഘോഷം സ്കന്ദഷഷ്ഠിമഹോത്സവമാണ്. തൃശ്ശൂർ ജില്ലയിലെ ദ്വിതീയ സ്ഥാനമാണ് ഈ ആഘോഷത്തിനുള്ളത്. പത്തോളം കാവടി സംഘങ്ങൾ ഷഷ്ഠി മഹോത്സവത്തിൽ അണിനിരക്കുന്നു. മകരമാസത്തിലെ പൂയംനാളിൽ നടക്കുന്ന തൈപ്പൂയവും സമുചിതമായി ആചരിക്കുന്നു. ബാലസുബ്രഹ്മണ്യ തേരുമായി ഗ്രാമങ്ങളിലൂടെയുള്ള ഊരുചുറ്റൽ ആന്നാണ് നടക്കുന്നത്. സുബ്രഹ്മണ്യ വിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥം വാദ്യഘോഷങ്ങളോടെ ഭജനസംഘവുമായി ഗ്രാമ വീഥികളിലൂടെ സഞ്ചരിക്കുന്നു. യാത്രയിൽ ഭക്തജനങ്ങളുടെ ക്ഷേമാന്വേഷണം ഭഗവാൻ നടത്തുന്നു എന്നാണ് സങ്കല്പം. രാവിലെമുതൽ രാത്രിവരെ നടക്കുന്ന ഊരുചുറ്റലിൽ എല്ലാ ഗൃഹത്തിലും നിറപറയും, നിലവിളക്കും കത്തിച്ച് ഭഗവാനെ വരവേൽക്കും.

ശിവരാത്രിയിൽ നടക്കുന്ന ഗിരിവലം പ്രദക്ഷിണവും ഇവിടെ പ്രസിദ്ധമാണ്. താഴെനിന്നും പാറയുടെ മുകളിൽ മുനിയറയിലേക്ക് വെളിച്ചപ്പാടും, ശൂലധാരികളും, വാദ്യമേളങ്ങളും സഹിതം ഘോഷയാത്രയിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കുചേരുന്നു. ശിവപഞ്ചാക്ഷര മന്ത്രത്താലുള്ള ഘോഷയാത്ര മുനിയറയെ പ്രദക്ഷിണം ചെയ്ത് നാമസങ്കീർത്തനത്തോടെ സമാപിക്കുന്നു.