കൊട്ടിയൂരിൽ ഇളനീരാട്ടം ഇന്ന് രാത്രി നടക്കും. അഷ്ടമി പാട്ട് എന്ന അഷ്ടമി ആരാധനയും അക്കരെ സന്നിധിയിൽ നടന്നു
അഷ്ടമി ആരാധന ദിനമായ ഇന്ന് ഉച്ചശീവേലിക്കു ശേഷം വാളറയ്ക്കു മുന്‍പില്‍ നടത്തുന്ന പൂജയ്ക്ക് പന്തീരടി കാമ്പ്രം സ്ഥാനികനാണ് കാര്‍മികത്വം വഹിക്കുക. തെയ്യംപാടിയുടെ
അഷ്ടമി ആരാധന ദിനമായ ഇന്ന് ഉച്ചശീവേലിക്കു ശേഷം വാളറയ്ക്കു മുന്‍പില്‍ നടത്തുന്ന പൂജയ്ക്ക് പന്തീരടി കാമ്പ്രം സ്ഥാനികനാണ് കാര്‍മികത്വം വഹിക്കുക. തെയ്യംപാടിയുടെ വീണ വായനയ്ക്കൊപ്പമാണ് ഈ പൂജ നടത്തുന്നത്. കര്‍മങ്ങള്‍ക്ക് പ്രധാന സ്ഥാനികരും, ഊരാളന്മാരും മാത്രമായിരിക്കും സാക്ഷ്യം വഹിക്കുക. പൂജ സമയത്ത് പ്രദക്ഷിണ വഴിയായ തിരുവഞ്ചിറയില്‍ ആർക്കും ഇറങ്ങാൻ അനുമതിയില്ല.
രാത്രിയിലാണ് ഇളനീരാട്ടം. കാവു നീക്കി മുഖം ചെത്തി മണിത്തറയില്‍ കുട്ടിയിട്ട ഇളനീരുകള്‍ ബ്രാഹ്‌മണര്‍ ശ്രീകോവിലിനുള്ളി ലേക്ക് മാറ്റും. തുടര്‍ന്ന് ദൈവം വരവിനായി കാത്തിരിക്കും. കൊട്ടേരിക്കാവ് മുത്തപ്പന്റെ എഴുന്നള്ളത്തിനെയാണ് ദൈവംവരവ് എന്ന് വിളിക്കുന്നത്. അതിവേഗത്തില്‍ ഓടിയെത്തുന്ന ദൈവം സന്നിധാനത്തിന്റെ കിഴക്കേനടയില്‍ തിരുവഞ്ചിറ കടന്ന് മണിത്തറയ്ക്ക് മുന്നിലെത്തും. ഇതേ സമയം തന്നെ ദൈവം വരവിനൊപ്പം കോവിലകം കയ്യാല തീണ്ടുകയെന്ന ചടങ്ങും നടത്തും.
കിരാതമൂര്‍ത്തി വേഷത്തില്‍ പുറങ്കലയന്‍ എത്തുമ്പോള്‍ പാലക്കീഴില്‍ നിന്ന് ദൈവത്തിനൊപ്പം എത്തുന്ന ഒറ്റപ്പിലാനും സംഘവുമാണ് കോവിലകം കയ്യാല തീണ്ടുക. അവിടെ നിന്നു കിട്ടുന്നതെല്ലാം ഇവര്‍ എടുത്തുകൊണ്ടു പോകും എന്നതാണ് ചട്ടം. മണിത്തറയ്ക്കു മുന്നില്‍ വച്ച് അരിയും കളഭവും സമര്‍പ്പിച്ച് അനുമതി വാങ്ങി മുത്തപ്പനെ മടക്കിയാല്‍ ഇളനീരാട്ടം ആരംഭിക്കും. ആദ്യം മൂന്ന് ഇളനീരുകൾ, പിന്നീട് ഭക്തർ സമർപ്പിച്ച ഓരോ ഇളനീരും ഭഗവാന് സമർപ്പിക്കും. ജലം ശേഖരിച്ചതിന് ശേഷമുള്ള ഇളനീരുകൾ ഭക്തർക്ക് പ്രസാദമായി നൽകും.