ഗുരുവായൂര്‍ ക്ഷേത്രാത്സവത്തിന്റെ ഭാഗമായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ സ്വര്‍ണക്കോലത്തിലെഴുന്നള്ളി; തൊഴുകൈകളോടെ ആയിരങ്ങളാണ് ദര്‍ശിക്കാനെത്തിയത്
ഗുരുവായൂര്‍ ക്ഷേത്രാത്സവത്തിന്റെ ഭാഗമായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ സ്വര്‍ണക്കോലത്തിലെഴുന്നള്ളി. തൊഴുകൈകളോടെ ആയിരങ്ങളാണ് ഉത്സവം കാല എഴുന്നള്ളിപ്പ് ദര്‍ശിക്കാനെത്തിയത്.
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രാത്സവത്തിന്റെ ഭാഗമായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ സ്വര്‍ണക്കോലത്തിലെഴുന്നള്ളി. തൊഴുകൈകളോടെ ആയിരങ്ങളാണ് ഉത്സവം കാല എഴുന്നള്ളിപ്പ് ദര്‍ശിക്കാനെത്തിയത്. ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ആറാം വിളക്ക് മുതല്‍ ആറാട്ട് വരെയുള്ള നാല് ദിവസങ്ങളില്‍ സ്വര്‍ണക്കോലമാണ് എഴുന്നള്ളിക്കുക. ഉച്ചകഴിഞ്ഞ് നടന്ന ശീവേലിയുടെ നാലാം പ്രദക്ഷിണത്തില്‍ കൊമ്പന്‍ ഇന്ദ്രസെന്‍ ശിരസ് നമിച്ച് സ്വര്‍ണ്‌ക്കോലമേറ്റി. അക്ഷയ് കൃഷ്ണ, ദേവദാസ് എന്നീ കൊമ്പന്മാര്‍ ഇടംവലം അണിനിരന്ന് എഴുന്നള്ളിന് പൊലിമയേകി.
വിശേഷാവസരങ്ങളില്‍ മാത്രം പുറത്തെടുക്കാറുള്ള സ്വര്‍ണക്കോലം എഴുന്നള്ളിച്ചതോടെ ക്ഷേത്രത്തിനകം നാരായണനാമ മുഖരിതമായി. പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ മേളവും അകമ്പടിയായി. സാമുതിരിയുടെ കാലത്തെ അനുസ്മരമിപ്പിച്ച് വകകൊട്ടല്‍ ചടങ്ങും നടന്നു.
ഗുരുവായൂര്‍ ക്ഷേത്രോത്സവ ചടങ്ങുകളിലെ അതിപ്രധാനമായ ഉത്സവബലി ശനിയാഴ്ച. താന്ത്രിക പ്രാധാന്യമേറിയ ഉത്സവബലി തൊഴാന്‍ ആയിരങ്ങളെത്തും. രാവിലെ പന്തീരടി പൂജയ്ക്കു ശേഷം എട്ടുമണിയോടെയാണ് ഉത്സവബലി ചടങ്ങുകള്‍ ആരംഭിക്കുക. അതിസങ്കീര്‍ണമായ ചടങ്ങുകള്‍ ആറ് മണിക്കൂര്‍ നീണ്ട് നില്‍ക്കും. തന്ത്രിയാണ് മുഖ്യകാര്‍മ്മികത്വം വഹിക്കുക. ക്ഷേത്രത്തിനകത്തെ എല്ലാ ദേവി ദേവന്‍മാര്‍ക്കും, ഭൂതഗണങ്ങള്‍ക്കും പൂജാ വിദിയോടെ ഹവിസ് തുവൂന്ന ചടങ്ങാണ് ഉത്സവബലി.
അദൃശ്യരൂപികളായ ദേവീദേവന്മാരുടെ സംഗമമെന്നാണ് ഉത്സവബലിയെ വിശേഷിപ്പിക്കുന്നത്. ഇവരെ പാണികൊട്ടി മന്ത്രപുരസ്സരം ആവാഹിച്ച് വരുത്തും. ഗുരുവായൂരപ്പന്റെ സാന്നിധ്യ ത്തിലാണ് ചടങ്ങ് നടക്കുക. 11മണിയോടെ നാലമ്പലത്തിനകത്ത് സപ്ത മാതൃക്കള്‍ക്ക് ബലി തൂവുന്ന സമയത്താണ് ഉത്സവബലി ദര്‍ശനം. മുപ്പത്തിമുക്കോടി ദേവന്‍മാരും ഈ സമയത്ത് ഭഗവത്ദര്‍ശനത്തിന് എത്തുമെന്നാണ് സങ്കല്‍പ്പം. ഈസമയം ഗുരുവായുരപ്പന്റെ തങ്കതിടമ്പ് ദീപാലങ്കാരങ്ങളാല്‍ സ്വര്‍ണ പഴുക്കാമണ് ഡപത്തില്‍ എഴുന്നള്ളിച്ചു വയ്ക്കും.
തന്ത്രിനമ്പൂതിരിപ്പാടാണ് ഉത്സവബലി ചടങ്ങുകള്‍ നിര്‍വ്വഹിക്കുക. തന്ത്രിക്കു പുറമേ തിടമ്പ് കയ്യിലേന്തുന്ന കീഴ്ശാന്തി, വിളക്ക് പിടിക്കുന്ന കഴകക്കാര്‍, പാണികൊട്ടുന്ന മാരാര്‍ എന്നിവരും ചടങ്ങ് പൂര്‍ത്തിയാകുന്ന വൈകീട്ട് നാലുവരെ ജലപാനം പോലുമില്ലാതെ ശുദ്ധോപവാസത്തിലായിരിക്കും. പക്ഷി മൃഗാദികള്‍ക്കു കൂടി ഈ ദിവസം അന്നം നല്‍കണമെന്നാണ് ആചാരം. സന്ധ്യക്ക് 12 ഇടങ്ങഴി അരിവെച്ച നിവേദ്യം ഇതിനായി ചെമ്പ് വട്ടകയില്‍ മാറ്റിവച്ചിരിക്കും.
ദേശ പകര്‍ച്ചയാണ് ഉത്സവബലി ദിവസത്തെ മറ്റൊരു സവിശേഷത. പായസമടക്കമുള്ള വിഭവസമൃദ്ധമായ സദ്യയാണ് ദേശപകര്‍ച്ചയില്‍ നല്‍കുക. മാമ്പഴം, പഴം എന്നിവകൊണ്ട് തയ്യാറാക്കുന്ന വെന്നിയും, മുതിരയും ഇടിചക്കയുമുപയോഗിച്ച് തയ്യാറാക്കുന്ന പുഴുക്ക്, പപ്പടം, ചെത്ത് മാങ്ങ അച്ചാര്‍ എന്നിവയും ഈ ദിവസത്തെ പ്രത്യകതയാണ്. രാത്രി ചോറ്, കാളന്‍, ഓലന്‍, എലിശ്ശേരി, പച്ചടി, വറുത്തുപ്പേരി, ചെത്ത് മാങ്ങ അച്ചാര്‍, പായസം എന്നിവയോടെയുള്ള വിഭവസമൃദ്ധമായ സദ്യയും ഉണ്ടാകും.