കാര്‍ഷിക സമൃദ്ധിയുടെ പെരുമ ഉണര്‍ത്തി ഗുരുവായൂര്‍ ഇല്ലംനിറ; അനുഗ്രഹം തേടി എത്തിയത് ആയിരങ്ങൾ
കാര്‍ഷിക സമൃദ്ധിയുടെ പെരുമ ഉണര്‍ത്തി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ഇല്ലംനിറ ചടങ്ങ് ഭക്തി സാന്ദ്രം. ഇല്ലം നിറയുടെ ബലിക കതിര്‍ പൂജ ദര്‍ശിക്കാന്‍ ഭക്തര്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി. കതിര്‍ പൂജയ്‌ക്കൊപ്പം ഗുരുവായൂരപ്പ ദര്‍ശന സായൂജ്യവും നേടിയാണ് ഭക്തര്‍ മടങ്ങിയത്.
തൃശൂര്‍: കാര്‍ഷിക സമൃദ്ധിയുടെ പെരുമ ഉണര്‍ത്തി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ഇല്ലംനിറ ചടങ്ങ് ഭക്തി സാന്ദ്രം. ഇല്ലം നിറയുടെ ബലിക കതിര്‍ പൂജ ദര്‍ശിക്കാന്‍ ഭക്തര്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി. കതിര്‍ പൂജയ്‌ക്കൊപ്പം ഗുരുവായൂരപ്പ ദര്‍ശന സായൂജ്യവും നേടിയാണ് ഭക്തര്‍ മടങ്ങിയത്. ഇന്നു രാവിലെ 8.30 മുതല്‍ 9.30 വരെയുള്ള മുഹൂര്‍ത്തിലായിരുന്നു ചടങ്ങ്. പാരമ്പര്യ അവകാശികളായ അഴീക്കല്‍, മനയം കുടുംബക്കാരും ഭക്തജനങ്ങളും കിഴക്കേ നടയിലെത്തിച്ച കതിര്‍ക്കറ്റകള്‍ രാവിലെ കിഴക്കേ ഗോപുര വാതില്‍ക്കല്‍ നാക്കിലയില്‍ സമര്‍പ്പിച്ചു. കീഴ്ശാന്തി നമ്പൂതിരിമാര്‍ കതിരുകള്‍ തലയിലേറ്റി എഴുന്നള്ളിച്ച് ക്ഷേത്രം കൊടിമരത്തിന് സമീപം എത്തിച്ചു.
ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ടി എം നാരായണന്‍ നമ്പൂതിരി കതിര്‍ പൂജ നിര്‍വ്വഹിച്ചു. പൂജിച്ച കതിര്‍ക്കറ്റകള്‍ ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. കതിര്‍ക്കറ്റകള്‍ പിന്നീട് ഭക്തര്‍ക്ക് പ്രസാദമായി നല്‍കി. ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ്, ഭരണസമിതി അംഗങ്ങളായ സി മനോജ്, മനോജ് ബി നായര്‍, എം യു ഷിനിജ, ക്ഷേത്രം അസി. മാനേജര്‍മാരായ എ വി പ്രശാന്ത്, എം ഹരിദാസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.
ഇല്ലം നിറയുടെ തുടര്‍ച്ചയായുള്ള തൃപ്പുത്തരി ആഘോഷം ഓഗസ്റ്റ് 30നാണ്. രാവിലെ 8.30 മുതല്‍ 9.30 മണി വരെയുള്ള മുഹൂര്‍ത്തത്തിലാണ് തൃപ്പുത്തരി. പുന്നെല്ലിന്റെ അരികൊണ്ടുള്ള പുത്തരി പായസവും അപ്പവും ഗുരുവായൂരപ്പന് നേദിക്കും.