ശബരിമലയിൽ ഇനി 'ഫ്രഷ്' അരവണ; ഒരുമാസംമുൻപേ തയ്യാറാക്കുന്ന പതിവ് നിർത്തി

ശബരിമല തീര്‍ഥാടനം തുടങ്ങുന്നതിന് ഒരുമാസംമുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ഉപേക്ഷിക്കാനൊരുങ്ങി ദേവസ്വംബോര്‍ഡ് . നിര്‍മാണപ്ലാന്റിന്റെ ശേഷികൂട്ടി 'ഫ്രഷ്' അരവണ തയ്യാറാക്കി വില്‍ക്കാനാണ് തീരുമാനം. ശബരിമല പ്രസാദത്തില്‍ അരവണയില്‍നിന്നാണ് ബോര്‍ഡിന് ഏറ്റവുംകൂടുതല്‍ വരുമാനം.
 

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനം തുടങ്ങുന്നതിന് ഒരുമാസംമുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ഉപേക്ഷിക്കാനൊരുങ്ങി ദേവസ്വംബോര്‍ഡ് . നിര്‍മാണപ്ലാന്റിന്റെ ശേഷികൂട്ടി 'ഫ്രഷ്' അരവണ തയ്യാറാക്കി വില്‍ക്കാനാണ് തീരുമാനം. ശബരിമല പ്രസാദത്തില്‍ അരവണയില്‍നിന്നാണ് ബോര്‍ഡിന് ഏറ്റവുംകൂടുതല്‍ വരുമാനം.

200 കോടിരൂപയാണ് കഴിഞ്ഞ തീര്‍ഥാടനത്തില്‍ അരവണയുടെ വിറ്റുവരവ്. പ്ലാന്റിന്റെ ഇപ്പോഴത്തെ പ്രതിദിന ഉത്പാദനശേഷി 2.70 ലക്ഷം ടിന്‍ ആണ്. പ്രതിദിന വില്‍പ്പനയാകട്ടെ 3.25 ലക്ഷം ടിന്‍വരെ പോകാറുണ്ട്. അടുത്ത മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് മുന്‍പ് നാലുകോടിയോളം രൂപ ചെലവില്‍ പ്ലാന്റ് നവീകരിക്കുമെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

ദിവസേന മൂന്നരലക്ഷം ടിന്‍ ഉത്പാദനമാണ് ലക്ഷ്യം. നവംബര്‍ പകുതിയോടെ ആരംഭിക്കുന്ന തീര്‍ഥാടനത്തിന് ഒരുമാസം മുന്‍പുതന്നെ അരവണ തയ്യാറാക്കിത്തുടങ്ങാറുണ്ട്. 40 ലക്ഷം ടിന്നെങ്കിലും കരുതിവെക്കും. ഇതിന് ആവശ്യമായിവരുന്ന ഇരുന്നൂറോളം ജീവനക്കാരുടെ വേതനം, താമസം, ഭക്ഷണം തുടങ്ങിയവയ്ക്കുള്ള ചെലവ് ഒഴിവാക്കാനും പ്ലാന്റിന്റെ ശേഷി കൂട്ടുന്നതുവഴി സാധിക്കും.

പ്ലാന്റില്‍നിന്ന് മാളികപ്പുറത്തെ വിതരണ കൗണ്ടറുകളിലേക്ക് അപ്പവും അരവണയും എത്തിക്കുന്നത് ട്രാക്ടറുകളിലാണ്. സന്നിധാനത്ത് ട്രാക്ടറോട്ടം ഒഴിവാക്കണമെന്ന ഹൈക്കോടതി നിര്‍ദേശമുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ കണ്‍വെയര്‍ ബെല്‍റ്റ് സംവിധാനത്തിലൂടെ നിര്‍മാണപ്ലാന്റില്‍നിന്ന് കൗണ്ടറുകളിലേക്ക് അപ്പവും അരവണയും എത്തിക്കാനും ബോര്‍ഡ് നടപടി തുടങ്ങി. രണ്ടു ട്രേകളിലായി ഒരുമിനിറ്റില്‍ 500 ടിന്‍ അരവണയെത്തിക്കുന്ന കണ്‍വെയര്‍ ബെല്‍റ്റ് സ്ഥാപിക്കാന്‍ അഞ്ചുകോടിരൂപയുടെ എസ്റ്റിമേറ്റ് തയ്യാറായി.