ഗുരുവായൂർ ദർശനത്തിന്  'ഫെയ്‌സ്‌ ആപ്' ; ഉടൻ പ്രാബല്യത്തിലാവും

ഗുരുവായൂർ ക്ഷേത്രത്തിൽ സുഗമ ദർശനത്തിന് 'ഫെയ്‌സ് ആപ്' ഡിജിറ്റൽ സംവിധാനം വൈകാതെ നടപ്പാവും. മണിക്കൂറുകൾ വരിനിൽക്കേണ്ടി വരുന്ന ഇപ്പോഴത്തെ സ്ഥിതിക്ക് പാടെ മാറ്റം വരുന്ന സംവിധാനമാണിത്
 


ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സുഗമ ദർശനത്തിന് 'ഫെയ്‌സ് ആപ്' ഡിജിറ്റൽ സംവിധാനം വൈകാതെ നടപ്പാവും. മണിക്കൂറുകൾ വരിനിൽക്കേണ്ടി വരുന്ന ഇപ്പോഴത്തെ സ്ഥിതിക്ക് പാടെ മാറ്റം വരുന്ന സംവിധാനമാണിത്. ഇതിനായി വിവിധ ഏജൻസികൾ ഗുരുവായൂർ ദേവസ്വത്തെ സമീപിച്ചു തുടങ്ങി. തിങ്കളാഴ്ച തന്നെ നാലു കമ്പനികളാണ് ബന്ധപ്പെട്ടത്. ഈ സംവിധാനം ദേവസ്വം ഭരണസമിതിക്കു മുൻപിൽ അവതരിപ്പിച്ചുകാണിക്കുന്നതിന് ഏജൻസികളെ ഉടനെ വിളിക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ അറിയിച്ചു.

ക്ഷേത്രനടയിൽ വിവിധയിടങ്ങളിൽ ഫെയ്‌സ് ആപ് കൗണ്ടറുകൾ. അവിടെ സ്കാനറിൽ മുഖം കാണിച്ചാൽ ആളെ തിരിച്ചറിയുന്ന വിധമുള്ള ടോക്കൺ ലഭിക്കും. അതിൽ ദർശനസമയം ഉണ്ടാകും. ഭക്തർ വരിനിൽക്കുന്ന കേന്ദ്രം 12 കംപാർട്ടുമെന്റുകളായി തിരിക്കും. ആദ്യത്തേത് ഒന്നു മുതൽ 200 പേർക്ക്. രണ്ടാമത്തേത് 200 മുതൽ 400 വരേയും. ഭക്തർക്ക് ലഭിക്കുന്ന ടോക്കൺ നമ്പറുകൾ കംപാർട്ട്മെന്റുറുകളിൽ തെളിയും. അതനുസരിച്ചുമാത്രം പ്രവേശിച്ചാൽ മതി. കൂടാതെ, എത്രപേർ ദർശനം നടത്തിയെന്ന് കണക്ക് ലഭിക്കും. ആളെ തിരിച്ചറിയാൻ കഴിയുമെന്നതുകൊണ്ട് സുരക്ഷാ സംവിധാനവും മികച്ചതാകും. പോലീസും ഇതിന് നല്ല പിന്തുണയാണ് നൽകുന്നത്.