എരുമേലിയിൽ പേട്ടതുള്ളി എത്തുന്ന അയ്യപ്പൻമാർക്ക് ചന്ദനം തൊടാൻ ഫീസ് ; ഭക്തരെ പിഴിയാൻ പുതിയ മാർ​ഗം തേടി ദേവസ്വം ബോർഡ്

യ്യപ്പഭക്തരെ പിഴിയാൻ പുതിയ മാർ​ഗവുമായി  തിരുവിതാംകൂർ ദേവസ്വം ബോർഡ്. എരുമേലിയിൽ ഇനി ചന്ദനക്കുറി തൊടണമെങ്കിൽ  പണം നൽകണം. പേട്ട തുള്ളി എത്തുന്ന അയ്യപ്പൻമാരിൽ പത്ത് രൂപ വീതം വാങ്ങണമെന്നാണ് ദേവസ്വം ബോർഡ് കരാറുകാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം

 

എരുമേലി: അയ്യപ്പഭക്തരെ പിഴിയാൻ പുതിയ മാർ​ഗവുമായി  തിരുവിതാംകൂർ ദേവസ്വം ബോർഡ്. എരുമേലിയിൽ ഇനി ചന്ദനക്കുറി തൊടണമെങ്കിൽ  പണം നൽകണം. പേട്ട തുള്ളി എത്തുന്ന അയ്യപ്പൻമാരിൽ പത്ത് രൂപ വീതം വാങ്ങണമെന്നാണ് ദേവസ്വം ബോർഡ് കരാറുകാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ആദ്യമായാണ്  ദേവസ്വം ബോർഡ് കുറി തൊടാൻ കരാർ നൽകിയിരിക്കുകയാണ്. ഈ ഇനത്തിൽ ലക്ഷങ്ങളാണ് ദേവസ്വം ബോർഡിന് ലഭിക്കുന്നത്.

ഏരുമേലി അയ്യപ്പ ക്ഷേത്രത്തിലെ ആനക്കൊട്ടിലിന് സമീപം നാല് സ്ഥലത്താണ് കുറി തൊടാനുള്ള സൗകര്യം ഏർപ്പെടുത്തുന്നത്. ഇതിൽ ഒരിടം മൂന്നുലക്ഷം രൂപയ്‌ക്കും ബാക്കി മൂന്ന് ഇടങ്ങളിൽ ഏഴ് ലക്ഷം രൂപയ്‌ക്കുമാണ് കരാർ കൊടുത്തിരിക്കുന്നത്.


മുൻപ് ക്ഷേത്രനടപ്പന്തലിലും ആനക്കൊട്ടിലിന് മുന്നിലുമാണ് ഭക്തർക്ക് കുറിതൊടാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നത്. പേട്ടതുള്ളൽ കഴിഞ്ഞ് കടവിൽ കുളിച്ച് ഭക്തർ ഇവിടെയെത്തി ചന്ദനവും സിന്ദൂരവും ചാർത്തും. ക്ഷേത്രദർശനം നടത്തി പ്രസാദം വാങ്ങുന്നതിന് പുറമെയാണ് അയ്യപ്പൻമാർ കുറി തൊടുന്നത്. ഇതാണ് ഇക്കുറി ലേലത്തിൽ ഉൾപ്പെടുത്തി ദേവസ്വം ബോർഡ് കരാർ നൽകിയത്. അയ്യപ്പൻമാരെ ചൂഷണം ചെയ്യാനുള്ള ദേവസം ബോർഡിന്റെ നീക്കത്തിനതിരെ അയ്യപ്പസേവാസമാജം ഉൾപ്പെടെയുള്ള ഹൈന്ദവസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.