ഗുരുവായൂരിൽ ഭക്തിസാന്ദ്രമായി ദ്വാദശിപ്പണ സമർപ്പണം; ദക്ഷിണയായി ലഭിച്ചത് 16.43 ലക്ഷം രൂപ
ഗുരുവായൂർ ഏകാദശി വ്രതപൂർണ്ണതയ്ക്കായി ഭക്തസഹസ്രങ്ങൾ ദ്വാദശിപ്പണം സമർപ്പിച്ചു. ക്ഷേത്രം കൂത്തമ്പലത്തിൽ നടന്ന ചടങ്ങിൽ ശുകപുരം, പെരുവനം, ഇരിഞ്ഞാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രികൾ ദക്ഷിണ സ്വീകരിച്ച് ഭക്തർക്ക് അനുഗ്രഹമേകി. ആകെ 16,43,840 രൂപയാണ് ഇത്തവണ ദ്വാദശിപ്പണമായി ലഭിച്ചത്.
തൃശൂർ: ഗുരുവായൂർ ഏകാദശി വ്രതപൂർണ്ണതയ്ക്കായി ഭക്തസഹസ്രങ്ങൾ ദ്വാദശിപ്പണം സമർപ്പിച്ചു. ക്ഷേത്രം കൂത്തമ്പലത്തിൽ നടന്ന ചടങ്ങിൽ ശുകപുരം, പെരുവനം, ഇരിഞ്ഞാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രികൾ ദക്ഷിണ സ്വീകരിച്ച് ഭക്തർക്ക് അനുഗ്രഹമേകി. ആകെ 16,43,840 രൂപയാണ് ഇത്തവണ ദ്വാദശിപ്പണമായി ലഭിച്ചത്.
ലഭിച്ച തുക നാലായി ഭാഗിച്ച് ഒരു ഭാഗമായ 4,10,960 രൂപ ഗുരുവായൂർ ദേവസ്വത്തിന് സമർപ്പിച്ചു. ബാക്കി മൂന്ന് ഭാഗങ്ങൾ മൂന്ന് ഗ്രാമങ്ങളിലെ അഗ്നിഹോത്രികൾക്കായി വീതിച്ചു നൽകി. ക്ഷേത്രം ഡി.എ എം. രാധ, അസിസ്റ്റന്റ് മാനേജർ ഹരിദാസൻ എന്നിവർ ദ്വാദശിപ്പണ സമർപ്പണ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ശുകപുരം ഗ്രാമത്തിൽ നിന്ന് ചെറുമുക്ക് വൈദികരായ വല്ലഭൻ അക്കിത്തിരിപ്പാട്, ശ്രീകണ്ഠൻ സോമയാജിപ്പാട്, ഭട്ടിപ്പുത്തില്ലത്ത് രാമാനുജൻ അക്കിത്തിരിപ്പാട് എന്നിവരും, പെരുവനം ഗ്രാമത്തിലെ പെരുമ്പടപ്പ് വൈദികൻ ഹൃഷികേശൻ സോമയാജിപ്പാട്, ആരൂർ വാസുദേവൻ സോമയാജിപ്പാട്, വെള്ളാംപറമ്പ് മിഥുൻ അടിതിരിപ്പാട് എന്നിവരും, ഇരിഞ്ഞാലക്കുട ഗ്രാമത്തിലെ നടുവിൽ പഴയിടം നീലകണ്ഠൻ അടിതിരിപ്പാടുമാണ് ദക്ഷിണ സ്വീകരിച്ചത്. ഏകാദശി വ്രതത്തിന്റെ പൂർണ്ണതയോടെ ദ്വാദശി ഊട്ടിലും പങ്കെടുത്ത ശേഷമാണ് ഭക്തർ മടങ്ങിയത്.