കഴുത്ത് നീട്ടി കണ്ണുരുട്ടി ഭക്തരെ ഇഴഞ്ഞനുഗ്രഹിക്കുന്ന മുതലത്തെയ്യം

കെട്ടിയാടുന്ന സമയമത്രയും ഇഴഞ്ഞു തന്നെ ഭക്തർക്ക് അനുഗ്രഹം നൽകുന്ന തെയ്യം..കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത നടുവില്‍ ആണ് അത്യപൂര്‍വ്വമായ മുതലത്തെയ്യം കെട്ടിയാടിയത്

 

കണ്ണൂർ : കെട്ടിയാടുന്ന സമയമത്രയും ഇഴഞ്ഞു തന്നെ ഭക്തർക്ക് അനുഗ്രഹം നൽകുന്ന തെയ്യം..കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത നടുവില്‍ ആണ് അത്യപൂര്‍വ്വമായ മുതലത്തെയ്യം കെട്ടിയാടിയത്.നടുവിൽ പോത്തും കുണ്ട് വീരഭദ്ര ക്ഷേത്രത്തിലാണ് ഈ തെയ്യം  കെട്ടിയാടിയത്.വീരന്മാരും അടിയാള രക്തസാക്ഷികള്‍ക്കുമൊപ്പം പക്ഷിമൃഗാദികളും ദൈവരൂപത്തില്‍ മണ്ണിലിറങ്ങുന്ന അത്യുത്തര കേരളത്തിന്‍റെ ആരാധനാ വൈവിധ്യത്തിന്‍റെ നേര്‍ക്കാഴ്‍ചയാണ് മാവില സമുദായക്കാര്‍ കെട്ടിയാടിക്കുന്ന ഈ മുതലത്തെയ്യം. 

തൃപ്പാണ്ടറത്തെ ക്ഷേത്രത്തിൽ നിത്യപൂജ ചെയ്‌തിരുന്ന പൂജാരി എത്താതിരുന്നതിനാൽ പൂജക്ക് മുടക്കം വരുമെന്ന അവസ്ഥയുണ്ടായെന്നും അന്ന് പുഴയിൽ ചൂണ്ടയിടുകയായിരുന്ന ആദി തോയാടനെ മുതല ക്ഷേത്രത്തിൽ എത്തിച്ചുവെന്നും പൂജ മുടങ്ങാതെ കാത്തു എന്നുമാണ്‌ ഐതിഹ്യം.മുതലയായി എത്തിയത്‌ തൃപ്പാണ്ടറത്തമ്മയാണെന്നാണ്‌ വിശ്വാസം. പൂജക്ക് വൈകിയെത്തിയ ബ്രാഹ്മണനെ പുറത്തിരുത്തി പുഴകടത്തി ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന മുതലയുമായി ബന്ധപ്പെട്ട മറ്റൊരു കഥയും പ്രചാരത്തിലുണ്ട്. 

വായ് വാക്കുകളൊന്നും ഉരിയാടാറില്ല, തലയിലെ പാള എഴുത്തിനു തേള്‍, പല്ലി, പാമ്പ്, പഴുതാര, ആമ തുടങ്ങിയ ഇഴ ജീവികളെ വരച്ചതാണ്. കുരുത്തോലയ്ക്ക് പകരം കവുങ്ങിൻ ഓലയാണ് ഉടയാട, മുതലയെപ്പോലെ ഇഴഞ്ഞുകൊണ്ട് ക്ഷേത്രം വലംവെയ്ക്കും, ഇലത്താളത്തിന്റെ അകമ്പടിയോടെ തോറ്റം ചൊല്ലുന്ന രീതിയാണ് ഈ തെയ്യത്തിന്റെ മറ്റൊരു പ്രത്യേകത, ഇഴജീവി ശല്യത്തിൽ നിന്ന് രക്ഷ നേടാൻ മുതല ദൈവത്തെ വിളിച്ചാൽ മതിയെന്നാണ് വിശ്വാസം..കഴുത്ത് നീട്ടി കണ്ണുരുട്ടിയാണ് ഈ തെയ്യം ഭക്തരെ അനുഗ്രഹിക്കുന്നത്.