ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കൂറ്റന്‍ ചരക്ക് വഴിപാടായി ലഭിച്ചു

 

തൃശൂര്‍: പാല്‍പ്പായസം തയാറാക്കാന്‍ കൂറ്റന്‍ നാലുകാതന്‍ ചരക്ക് വഴിപാടായി ലഭിച്ചു. ക്ഷേത്രത്തിലെ ഏറ്റവും വലിയ നാലുകാതന്‍ ചരക്കാണിത്. ക്രെയിനിന്റെ സഹായത്തോടെയാണ് ചരക്ക് ക്ഷേത്ര മതില്‍ കെട്ടിനകത്ത് എത്തിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പായസം തയാറാക്കാന്‍ നിലവില്‍ 1000 ലിറ്ററിന്റെ ചരക്കാണ് ഉപയോഗിക്കുന്നത്.  തിരക്ക് വര്‍ധിക്കുന്ന ദിവസങ്ങളില്‍ മൂന്നൂം നാലും തവണ പായസം തയാറാക്കേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വലിയ ചരക്ക് ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ പറഞ്ഞു. 

ചേറ്റുവ സ്വദേശിയായ പ്രവാസി വ്യവസായി നടുപറമ്പില്‍ എന്‍.ബി. പ്രശാന്തനാണ് 1500 ലിറ്റര്‍ പാല്‍പ്പായസം തയാറാക്കാവുന്ന നാല്കാതന്‍ ഓട്ടു ചരക്ക് വഴിപാടായി നല്‍കിയത്. രണ്ടേകാല്‍ ടണ്‍ ഭാരമുള്ള ചരക്ക് ക്രെയിന്‍ ഉപയോഗിച്ച് ക്ഷേത്രത്തിനുള്ളില്‍ ഉപദേവനായ അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള തിടപ്പള്ളിയിലെ അടുപ്പില്‍ ഇറക്കി. 88 ഇഞ്ച് വ്യാസവും 24 ഇഞ്ച് താഴ്ചയുമുണ്ട്. 30 ലക്ഷം രൂപയാണ് നിര്‍മാണത്തിനായി വേണ്ടിവന്നതെന്ന് പ്രശാന്തന്‍ പറഞ്ഞു. ആലപ്പുഴ ജില്ലയിലെ മാന്നാര്‍ പരുമലയിലെ ആര്‍ട്ടിസാന്‍സ് മെയിന്റനന്‍സ് ആന്‍ഡ് ട്രഷീണല്‍ ട്രേഡിങ്ങിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. 

മാന്നാര്‍ പരുമല പന്തപ്ലെ തെക്കേതില്‍ അനന്തന്‍ ആചാരിയുടേയും മകന്‍ അനു അനന്തിന്റേയും മേല്‍നോട്ടത്തില്‍ 40 ഓളം പേര്‍ നാലു മാസത്തോളമെടുത്താണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ബുധനാഴ്ച പുതിയ ചരക്കില്‍ പാല്‍പ്പായസം തയാറാക്കി ഗുരുവായൂരപ്പന് സമര്‍പ്പിക്കും. പായസം പിന്നീട് പ്രസാദ ഊട്ടില്‍ വിളമ്പും. പുതിയ ചരക്കില്‍ ആദ്യ ദിവസം തയാറാക്കുന്ന പായസവും പ്രശാന്തിന്റെ വക വഴിപാടാണ്. ഉത്സവത്തിന് മുന്‍പായി മറ്റൊരു ചരക്കും വഴിപാടായി എത്തുന്നുണ്ട്. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ എന്നിവര്‍ ചേര്‍ന്ന് ചരക്ക് ഏറ്റുവാങ്ങി. വലിയ ചരക്ക് കാണാനും കാമറയില്‍ പകര്‍ത്താനും ഭക്തരുടെ വലിയ തിരക്കായിരുന്നു.