പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആടി പെരുന്തിരമൃതു പൂജ ജൂലൈ 17-ന്
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആനി കളഭത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആടി പെരുന്തിരമൃതു പൂജ ജൂലൈ 17-ന് നടക്കും. ക്ഷേത്ര തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന പൂജയ്ക്ക് ശേഷം പ്രത്യേക കലശാഭിഷേകങ്ങളും, നെയ്യ് അഭിഷേകം, തേൻ അഭിഷേകം എന്നിവയും ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു.
തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആനി കളഭത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആടി പെരുന്തിരമൃതു പൂജ ജൂലൈ 17-ന് നടക്കും. ക്ഷേത്ര തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന പൂജയ്ക്ക് ശേഷം പ്രത്യേക കലശാഭിഷേകങ്ങളും, നെയ്യ് അഭിഷേകം, തേൻ അഭിഷേകം എന്നിവയും ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു. അഭിഷേകം ചെയ്യുന്ന വിശുദ്ധ പ്രസാദങ്ങളായ തേനും നെയ്യും ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിന്റെ നാല് നടകളിലുമുള്ള കൗണ്ടറുകൾ വഴി വാങ്ങാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കലശാഭിഷേകം ദർശിക്കാനുള്ള സമയം രാവിലെ 8.00 മണി മുതൽ 9.00 മണി വരെയായിരിക്കും.
പൂജ പ്രമാണിച്ച് അന്ന് ഭക്തർക്കുള്ള ദർശന സമയത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വെളുപ്പിന് നിർമ്മാല്യദർശനത്തിന് ശേഷം രാവിലെ 06.30 മുതൽ 07.00 മണി വരെയും, തുടർന്ന് രാവിലെ 09.30 മുതൽ 10.30 വരെയും മാത്രമായിരിക്കും ഭൗതിക ദർശനം ഉണ്ടായിരിക്കുക. വൈകുന്നേരം 04.30 മണി മുതൽ 06.15 മണി വരെ ദർശനം അനുവദിക്കും. ഇതിനുശേഷം തന്ത്രിയുടെ കാർമ്മികത്വത്തിൽ ശ്രീഭൂതബലിയും, രാത്രി 08.30-ഓടെ ശ്രീബലി എഴുന്നള്ളിപ്പും നടക്കും. അത്താഴ ശീവേലിക്ക് ശേഷം രാത്രിയിൽ ഭക്തർക്ക് ദർശനം ഉണ്ടായിരിക്കുന്നതല്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.