നെല്ലിയോട് ഭഗവതീ ക്ഷേത്രം പുനപ്രതിഷ്ഠാ നവീകരണ കലശത്തിന്റെ  ഭാഗമായുള്ള നോട്ടീസ് പ്രകാശനം ചെയ്തു 

 

ബക്കളം : നെല്ലിയോട്ട് ഭഗവതി ക്ഷേത്രം പുനപ്രതിഷ്ഠാ നവീകരണ കലശത്തിന്റെ ഭാഗമായുള്ള നോട്ടീസിന്റെ പ്രകാശനം നടന്നു. ടി.ടി.കെ  ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മുല്ലപ്പള്ളി  നാരായണൻ നമ്പൂതിരിയിൽനിന്നും അജയ കുമാർ  ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. ക്ഷേത്രം ട്രസ്റ്റീ  ബോർഡ്‌ ചെയർമാൻ  കെ പ്രമോദ് അധ്യക്ഷത വഹിച്ചു. 

ട്രസ്റ്റി ബോർഡ് മെമ്പർമാർ, പുനപ്രതിഷ്ഠ കമ്മിറ്റി ഭാരവാഹികൾ, നാട്ടുകാർ  എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. കേരളത്തിലെ 108 ഭഗവതീ ക്ഷേത്രങ്ങളിൽപ്പെട്ട പ്രധാനമായ ഒരു ക്ഷേത്രമാണ് ശ്രീ നെല്ലിയോട് ദുർഗ്ഗാ ഭഗവതീ ക്ഷേത്രം. ഏകദേശം 500 വർഷം പഴക്കമുള്ള ക്ഷേത്രമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. കാലാന്തരത്തിൽ ക്ഷേത്രം നാശോന്മുഖമായി മാറിയപ്പോൾ അന്നത്തെ നാട്ടുകാരും ഗുരുസ്ഥാനീകരും ചേർന്ന് ക്ഷേത്രത്തെ പുനരുദ്ധരിച്ചിരുന്നു.

മൂന്ന് അടിയോളം വലിപ്പമുള്ള പഞ്ചലോഹ വിഗ്രഹവും, ഒരു ബലിബിംബ വുമായിരുന്നു ക്ഷേത്രത്തിൽ ഉണ്ടായിരുന്നത്. 1972ൽ  മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങൾ വീണ്ടെടുക്കുവാൻ സാധിച്ചില്ല. എങ്കിലും ദേവീ ചൈതന്യം നഷ്ടപ്പെടാത്ത ഈ ക്ഷേത്രത്തിൽ ഇപ്പോഴും നിത്യപൂജ മുടക്കം കൂടാതെ നടന്നു വരുന്നു. നാട്ടുകാരുടെ ചിരകാല സ്വപ്നമായ ഈ ക്ഷേത്രത്തിൻ്റെ പുനപ്രതിഷ്ഠയും, ശുദ്ധികലശത്തിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. 

ആധൂനിക മാതൃകയിൽ പണികഴിപ്പിച്ചിട്ടുള്ള ശ്രീ കോവിൽ പൂർണ്ണമായും കൃഷ്ണ ശിലയിൽ ആണ് പൂർത്തിയാക്കിയത്. പുനപ്രതിഷ്ഠാ കർമ്മവും നവീകരണ കലശവും 2023 ഏപ്രിൽ 20 മുതൽ 30 വരെ യുള്ള (1198 മേടം 7 മുതൽ 17 വരെ) തീയതികളിലായി ക്ഷേത്രം തന്ത്രിവര്യൻ ബ്രഹ്മശ്രീ കരുമാരത്തിലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കർമ്മികത്വത്തിലാണ്  നടക്കുക.