മകരവിളക്ക് മഹോത്സവം : സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ സംയുക്ത പരിശോധന നടത്തി

 

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുണ്ടാകുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ എ.ഡി.എം. പി.വിഷ്ണുരാജിന്റെ നേതൃത്വത്തില്‍ പോലീസ്, റവന്യൂ, ദേവസ്വം ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തി. ഭക്തര്‍ക്ക് മകരവിളക്ക് ദര്‍ശനം നടത്തുന്നതിനായി കൂടുതല്‍ വ്യൂ പോയിന്റുകള്‍ കണ്ടെത്താനും അവിടങ്ങളെല്ലാം കര്‍ശനമായ സുരക്ഷ ഉറപ്പു വരുത്താനും കഴിഞ്ഞിട്ടുണ്ടെന്ന് എ.ഡി.എം. പറഞ്ഞു. വനാതിര്‍ത്തി സംരക്ഷണവും വന്യജീവികളില്‍ നിന്നുള്ള സംരക്ഷണവും ഉറപ്പാക്കാന്‍ കഴിഞ്ഞു. സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണ്ണമായും ഉറപ്പാക്കിയിട്ടുണ്ട്. വനമേഖലയില്‍ തീ പടരാന്‍ സാധ്യതയുള്ളതിനാല്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശപ്രകാരം പര്‍ണശാല കെട്ടുന്ന ഭക്തര്‍ അഗ്‌നി കൂട്ടുകയോ പാചകം ചെയ്യുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ പോലീസും വനം വകുപ്പും ജാഗ്രത പുലര്‍ത്തുന്നുണ്ട്.

മകരവിളക്ക് ദര്‍ശനത്തിനു ശേഷം തിരിച്ചിറങ്ങുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. മൂന്നിലധികം പുറത്തക്കുള്ള വഴികളാണ് കണ്ടെത്തിയിരിക്കുന്നത്. ദര്‍ശനത്തിനു ശേഷം ഈ വഴികളിലൂടെ ഭക്തര്‍ക്ക് സുഗമമായി തിരിച്ചിറങ്ങുന്നതിനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുളളത്. എക്‌സിറ്റ് പോയിന്റുകളിലെ കൈവഴികളുടെ സുരക്ഷയും വെളിച്ച ക്രമീകരണങ്ങളും ഉറപ്പു വരുത്തിയിട്ടുണ്ട്.

മകരവിളക്ക് ദിവസമായ 14 ന് ഉച്ചയ്ക്ക് 12 ന് ശേഷം ഭക്തരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കയറ്റി വിടുന്നതല്ല. സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഉണ്ടായിരിക്കുന്നതല്ല. മകരവിളക്ക് ദര്‍ശിക്കുന്നതിനായി പമ്പയില്‍ നിലയുറപ്പിക്കുന്നവരുടെ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്.

പോലീസിന്റെയും മറ്റ് അധികൃതരുടെയും സുരക്ഷാ നിര്‍ദേശങ്ങളോട് ഭക്തര്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും എ.ഡി.എം. അഭ്യര്‍ഥിച്ചു. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ആരോഗ്യപരമായ ബുദ്ധിമുട്ടു കളുണ്ടായാല്‍ സുസജ്ജമായ ആരോഗ്യ സേവനങ്ങള്‍ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് ബാരക്ക്, പുതിയ ബയോ പ്ലാന്റിനു സമീപം, മാഗുണ്ട അയ്യപ്പനിലയം, പാണ്ടിത്താവളം, ഉരല്‍ക്കുഴി, ബെയ്‌ലി പാലം, ഭസ്മക്കുളം, സന്നിധാനം റോഡ് എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്.

ഡ്യൂട്ടി മജിസ്‌ട്രേറ്റ് സി.എസ്. അനില്‍, എക്‌സിക്യൂട്ടീവ്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് വിനോദ് കുമാര്‍, ശബരിമല അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ ആര്‍. പ്രതാപന്‍ നായര്‍, ദേവസ്വം മരാമത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ. സു നില്‍ കുമാര്‍, കെ.എ.എസ് ഓഫീസര്‍ അരുണ്‍ മേനോന്‍ തുടങ്ങിയവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.