സോഷ്യൽ മീഡിയയിൽ നിന്ന് യുവതികളുടെ ഫോട്ടോയെടുത്ത് അശ്ലീല ഇൻസ്റ്റഗ്രാം പേജുകളിലിട്ടു; യുവാവ് അറസ്റ്റിൽ
സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നിന്നും യുവതികളുടെ ഫോട്ടോ ഡൗൺലോഡ് ചെയ്ത് അശ്ലീല ഇൻസ്റ്റഗ്രാം പേജുകളിൽ പ്രദർശിപ്പിച്ച യുവാവ് പിടിയിൽ.
കോഴിക്കോട്: സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നിന്നും യുവതികളുടെ ഫോട്ടോ ഡൗൺലോഡ് ചെയ്ത് അശ്ലീല ഇൻസ്റ്റഗ്രാം പേജുകളിൽ പ്രദർശിപ്പിച്ച യുവാവ് പിടിയിൽ. താമരശ്ശേരി കൈതപ്പൊയിൽ സ്വദേശി ശരൺ രഘുവിനെയാണ് റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.
സ്ത്രീകളുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിൽ നിന്നും ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത ശേഷം അശ്ലീല പരാമർശങ്ങളുൾപ്പെടുത്തി ഇൻസ്റ്റഗ്രാം പേജുകളിൽ പ്രദർശിപ്പിക്കുകയായിരുന്നു പ്രതി. താമരശ്ശേരി സ്വദേശികളായ സ്ത്രീകൾ നൽകിയ പരാതിയെത്തുടർന്ന് സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
ഇൻസ്പെക്ടർ രാജേഷ് കുമാർ, എസ്.ഐ അബ്ദുൽ ജലീൽ കെ, എ.എസ്.ഐ റിതേഷ് പി.കെ, എസ്.സി.പി.ഒ രൂപേഷ് പി, സി.പി.ഒ മാരായ അനൂപ് വാഴയിൽ, ലിംന.പി, എസ്‌സിപിഒ ശരത് ചന്ദ്രൻ, അരുൺലാൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി സ്വദേശികളായ നിരവധി സ്ത്രീകൾ പരാതികളുമായി പൊലീസിനെ സമീപിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിച്ചേർന്നത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.