യുവതിയെ നിരന്തരം പീഡിപ്പിച്ചു ; മഹാരാഷ്ട്രയിലെ പ്രമുഖ ജ്യോത്സ്യൻ അറസ്റ്റിൽ 

യുവതിയെ നിരന്തരം പീഡിപ്പിച്ചെന്ന പരാതിയിൽ മഹാരാഷ്ട്രയിലെ പ്രമുഖ ജ്യോത്സ്യൻ അറസ്റ്റിലായി. നാസിക്ക് സ്വദേശിയായ അശോക് ഖാരാത്ത് (67) ആണ് അറസ്റ്റിലായത്.
 

  മുംബൈ: യുവതിയെ നിരന്തരം പീഡിപ്പിച്ചെന്ന പരാതിയിൽ മഹാരാഷ്ട്രയിലെ പ്രമുഖ ജ്യോത്സ്യൻ അറസ്റ്റിലായി. നാസിക്ക് സ്വദേശിയായ അശോക് ഖാരാത്ത് (67) ആണ് അറസ്റ്റിലായത്. ഇയാൾ ക്യാപ്റ്റൻ എന്ന പേരിൽ വിഐപി ജ്യോത്സ്യനായാണ് അറിയപ്പെട്ടിരുന്നത്. ഒരു 35-കാരി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പ്രതിയുടെ പക്കൽ നിന്ന് 58 സ്ത്രീകളുമായുള്ള അശ്ലീല വീഡിയോകൾ പോലീസ് കണ്ടെടുത്തു.

സ്ത്രീകൾ പ്രശ്‌നപരിഹാരത്തിനായി വരുമ്പോൾ ലഹരിമരുന്ന് നൽകി ലൈംഗികമായി ഉപദ്രവിക്കുന്നതായിരുന്നു രീതി. തന്റെ ഓഫീസിനുള്ളിൽ ഒട്ടേറെ രഹസ്യ ക്യാമറകൾ സ്ഥാപിച്ചാണ് ഇയാൾ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയത്. ഭർത്താവ് മരിക്കുമെന്നും മന്ത്രവാദം ചെയ്ത് അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇയാൾ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്.

പ്രതിയുടെ പക്കൽ നിന്ന് നിരവധി വീഡിയോകൾ അടങ്ങിയ പെൻഡ്രൈവ് പോലീസ് കണ്ടെടുത്തു. 58 സ്ത്രീകളുടെ ദൃശ്യങ്ങളാണ് ഇതിലുള്ളതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. റിട്ടയേർഡ് മർച്ചന്റ് നേവി ഓഫീസർ കൂടിയായ അശോക് ഖാരാത്ത്, സ്ത്രീകളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം നൽകിയാണ് അവരെ കെണിയിൽ വീഴ്ത്തിയിരുന്നത്. കേസ് നിലവിൽ നാസിക് ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിച്ചുവരികയാണ്.