കുടുംബത്തിന് നേരെ ദുർമന്ത്രവാദം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചു ; ജ്യോത്സ്യൻ ഒളിവിൽ

 

 കുടുംബത്തിന് നേരെ ദുർമന്ത്രവാദം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച ജ്യോത്സ്യനെതിരെ പോലീസ് കേസെടുത്തു. ബെംഗളൂരു ചന്നമനക്കരെ സ്വദേശിയായ മോഹൻകുമാറിനെതിരെയാണ് (38) പോലീസ് അന്വേഷണം ആരംഭിച്ചത്. ബ്യൂട്ടീഷ്യനായ 34-കാരിയെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.

സഹോദരിയെ ബ്യൂട്ടി അക്കാദമിയിൽ ചേർക്കാനെന്ന വ്യാജേന എത്തിയ മോഹൻകുമാർ യുവതിയുമായി സൗഹൃദത്തിലാവുകയായിരുന്നു. ബിസിനസിൽ വലിയ വളർച്ചയുണ്ടാക്കാമെന്നും അതിനായി പ്രത്യേക പൂജകൾ വേണമെന്നും ഇയാൾ ഇവരെ വിശ്വസിപ്പിച്ചു. പൂജയ്ക്കായി യുവതിയുടെ വീട്ടിലെത്തിയ ഇയാൾ, ചടങ്ങിന്റെ ഭാഗമാണെന്ന് പറഞ്ഞ് ഭർത്താവിനെയും മകനെയും വീടിന് പുറത്തേക്ക് വിട്ടു. അടുത്തുള്ള മരത്തിന് ചുറ്റും ഒരു മണിക്കൂർ വലം വയ്ക്കണമെന്നാണ് ഇയാൾ ഇവർക്ക് നൽകിയ നിർദ്ദേശം.

വീട്ടിൽ മറ്റാരുമില്ലാത്ത സമയം നോക്കി യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും, എതിർത്തപ്പോൾ മന്ത്രവാദത്തിലൂടെ കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തെത്തുടർന്ന് മാനസികമായി തകർന്ന യുവതി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് വിവരങ്ങൾ പുറത്തറിഞ്ഞത്. നിലവിൽ ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.