വയോധികയുടെ കാതിലെ കമ്മൽ വലിച്ചു പറിച്ച് കൊണ്ടുപോയ യുവാവ് പിടിയിൽ
അയൽവാസിയുടെ വീട്ടിൽ കയറി സൗഹൃദം നടിച്ച് വയോധികയുടെ കാതിലെ കമ്മൽ വലിച്ചു പറിച്ച് കൊണ്ടുപോയ യുവാവ് പിടിയിൽ.വള്ളിയൂർക്കാവ് കാരത്തങ്കൽ വീട്ടിൽ സനീഷ് തോമസ്(46)നെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. ഇടതു കാതിലെ അര പവനോളം വരുന്ന കമ്മലാണ് അപഹരിച്ചത്.
മാനന്തവാടിയിലെ ഒരു ജ്വല്ലറിയിൽ വിൽപ്പന നടത്തിയ മോഷണ മുതൽ മഹസ്സർ പ്രകാരം പൊലീസ് പിടിച്ചെടുത്തു. ഇക്കഴിഞ്ഞ പതിനേഴാം തീയ്യതി വൈകീട്ടോടെയായിരുന്നു സംഭവം. 85 വയസ്സുള്ള കല്യാണിയുടെ വീട്ടിൽ കയറി പ്രതി സനീഷ് തോമസ് കുശലന്വേഷണത്തിനെന്ന പേരിൽ എത്തുകയും സംസാരിക്കുന്നതിനിടെ വയോധികയുടെ ഇരു ചെവിയിലും പിടിച്ചു വലിക്കുകയും ചെയ്യുകയായിരുന്നു. ചെവിയിൽ വേദനയനുഭവപ്പെട്ട വയോധിക ഇയാൾ വീട്ടിൽനിന്നും പോയ ശേഷം മരുമകളോട് കാര്യം പറഞ്ഞു. മരുമകൾ പരിശോധിച്ചപ്പോൾ ഇടത് കാതിലെ കമ്മൽ കാണാനുണ്ടായിരുന്നില്ല. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.