മാട്രിമോണിയൽ സൈറ്റുകൾ വഴി 25-ലധികം സ്ത്രീകളെ കബളിപ്പിച്ചു ; പ്രതി പിടിയിൽ
വിവാഹവാഗ്ദാനം നൽകി ഇരുപത്തിയഞ്ചിലധികം സ്ത്രീകളിൽ നിന്നായി കോടികൾ തട്ടിയെടുത്ത അന്തർസംസ്ഥാന തട്ടിപ്പുകാരനെ മീരാ ഭയന്ദർ ക്രൈംബ്രാഞ്ച് സാഹസികമായി പിടികൂടി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നിന്നാണ് യൂണിറ്റ്-1 ക്രൈം ഡിറ്റക്ഷൻ ബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തത്. മാട്രിമോണിയൽ സൈറ്റുകളും പത്രപ്പരസ്യങ്ങളും കേന്ദ്രീകരിച്ച്, വിവാഹമോചിതരായ സ്ത്രീകളെയും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെയുമാണ് ഇയാൾ പ്രധാനമായും വലയിലാക്കിയിരുന്നത്. വിവിധ വ്യാജപ്പേരുകളിലും വ്യാജരേഖകളിലും പ്രത്യക്ഷപ്പെട്ട് സ്ത്രീകളുടെ വിശ്വാസം നേടിയെടുക്കുന്ന ഇയാൾ, വൈകാരികമായി തകർന്നിരിക്കുന്ന ഇരകളുടെ അവസ്ഥ മുതലെടുത്താണ് തട്ടിപ്പ് നടത്തിയിരുന്നത്. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി സൗഹൃദം സ്ഥാപിച്ച ശേഷം പലവിധ കാരണങ്ങൾ പറഞ്ഞ് ഘട്ടംഘട്ടമായി കോടികളാണ് ഇയാൾ കൈക്കലാക്കിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകളാണ് ഇയാളുടെ ക്രൂരമായ വഞ്ചനയ്ക്ക് ഇരയായതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് പ്രതി ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. ഇയാളിൽ നിന്ന് ഒരു ബിഎംഡബ്ല്യു എക്സ് വൺ കാർ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ വൻ തട്ടിപ്പ് ശൃംഖലയിൽ പ്രതിയുടെ മകനും പങ്കാളിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മകനെയും കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ അച്ഛനും മകനും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഓൺലൈൻ മാട്രിമോണിയൽ വഴിയുള്ള വിവാഹാലോചനകളിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.