വയനാട്ടിൽ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെ ആനക്കൊമ്പുകളുമായി യുവാക്കൾ വനം വകുപ്പിന്റെ പിടിയിൽ
വയനാട്ടിൽ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെ ആനക്കൊമ്പുകളുമായി യുവാക്കൾ വനം വകുപ്പിന്റെ പിടിയിൽ.വടക്കനാട് പണയമ്പം തെക്കേകുന്നത്ത് ഷമിൻ ഫ്രാൻസിസ്(32), ചെതലയം ആറാംമയിൽ വെട്ടുപാറപ്പുറത്ത് അഭിലാഷ് (44) എന്നിവരാണ് പിടിയിൽ ആയത്. ഇവരിൽനിന്ന് ഒരു ജോഡി ആനക്കൊമ്പും ചെറിയ ഒരു കൊമ്പിൻ കഷ്ണവും പിടിച്ചെടുത്തു. ഇരുവരുമെത്തിയ വാഹനവും വനവംവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ചെതലയം ആറാംമയിൽ ഹോം സ്റ്റേയിൽ നിന്നാണ് യുവാക്കൾ വനം വകുപ്പിൻറെ വലയിലാകുന്നത്. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജൻസ് സെല്ലിന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്.
കൽപ്പറ്റ വിജിലൻസ്, കുറിച്യാട് റെയിഞ്ചുകളിലെയും കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥർ അടങ്ങിയ സംഘമാണ് ഹോം സ്റ്റേയിൽ നിന്നും യുവാക്കളെ പിടികൂടിയത്. ആനക്കൊമ്പ് വാങ്ങാൻ ആളുകൾ എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കായി വലവിരിക്കുകയായിരുന്നു. എന്നാൽ കൊമ്പ് വാങ്ങാനുള്ള സംഘം എത്തുന്നതിനുമുമ്പ് തന്നെ ഷമിൻ ഫ്രാൻസിസിനെയും അഭിലാഷിനെയും വനംവകുപ്പ് പൊക്കുകയായിരുന്നു. ആനക്കൊമ്പ് സംഘത്തിന് എവിടെ നിന്ന് ലഭിച്ചുവെന്നതിനെ കുറിച്ചും സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെ കുറിച്ചുമെല്ലാമുള്ള അന്വേഷണത്തിലാണ് വനംവകുപ്പ്.