വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ എംഡിഎംഎ കടത്താൻ ശ്രമം ; തലശ്ശേരി സ്വദേശി അറസ്റ്റിൽ -

 

തലശ്ശേരി: പോലീസിന്റെ കണ്ണുവെട്ടിച്ച് എംഡിഎംഎ കടത്താൻ വ്യത്യസ്ത മാർഗം പരീക്ഷിച്ച യുവാവ് അറസ്റ്റിൽ. വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ച 1.45 ഗ്രാം എംഡിഎംഎയുമായി തലശ്ശേരി പൂവളപ്പ്‌തെരു എസ് എ ഹൗസിൽ എസ് സജീർ (32) ആണ് അറസ്റ്റിലായത്.

ഓഗസ്റ്റ് 21ന് രാത്രി 10.30ഓടെ മഞ്ഞോടിയിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം. പോലീസ് വാഹനം കണ്ടതോടെ പരിഭ്രാന്തനായി ഓടിരക്ഷപ്പെടാൻ ശ്രമിച്ച സജീറിനെ സംശയം തോന്നി പോലീസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.

ചോദ്യം ചെയ്യുന്നതിനിടെ കൈ പിന്നിലേക്ക് കെട്ടിപ്പിടിച്ച് വാച്ച് മറച്ചുവയ്ക്കാൻ ശ്രമിച്ചതോടെ പോലീസിന് സംശയം ശക്തമായി. വാച്ച് അഴിച്ച് പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആദ്യം ഇയാൾ തയ്യാറായില്ല. തുടർന്ന് പോലിസ് നിർദേശപ്രകാരം വാച്ച് അഴിച്ച് പരിശോധിച്ചപ്പോഴാണ് സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.

കണ്ണൂരിൽ നിന്ന് 3,000 രൂപയ്ക്കാണ് ലഹരിമരുന്ന് വാങ്ങിയതെന്ന് സജീർ പോലീസിനോട് പറഞ്ഞതായി അധികൃതർ അറിയിച്ചു. ഫോൺ, സോഷ്യൽ മീഡിയ, വാട്‌സാപ്പ് തുടങ്ങിയവ വഴിയാണ് ഇടനിലക്കാരുമായി ബന്ധപ്പെടുന്നതെന്നും ചോദ്യം ചെയ്യലിൽ കണ്ടെത്തിയതായി പോലിസ് പറഞ്ഞു.