വിഴിഞ്ഞത്ത് എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം: ക്രിസ്മസ്–പുതുവത്സര വിപണി ലക്ഷ്യമിട്ട് കഞ്ചാവും എംഡിഎംഎയുമായി വിഴിഞ്ഞം മേഖലയിലെത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ആനയറ സ്വദേശി അപ്പു എന്ന സൂരജ് (28) ആണ് പിടിയിലായത്. ഇയാളുടെ ബാഗിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 2 ഗ്രാം എംഡിഎംഎയും 260 ഗ്രാം കഞ്ചാവും എക്സൈസ് സംഘം കണ്ടെടുത്തു.
മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച സൂരജിന്റെ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്രിസ്മസിനും പുതുവത്സരാഘോഷങ്ങൾക്കും മുന്നോടിയായി ആവശ്യകത വർധിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇയാൾ വിഴിഞ്ഞം ബസ് സ്റ്റാൻഡിന് സമീപമെത്തിയതെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.
തീരദേശ മേഖലയിലെ യുവാക്കളെയാണ് പ്രധാനമായി ലക്ഷ്യമിട്ടതെന്നും എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ പറഞ്ഞു. അരുൺകുമാർ, ബിനു, കെ.ആർ. രഞ്ചിത്ത്, ശ്രീനന്ദു, നന്ദകുമാർ, ഷിന്റോ എബ്രഹാം, ജിനേഷ് ജിബു എന്നീ ഉദ്യോഗസ്ഥരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.