വെഞ്ഞാറമൂട് സ്വദേശിയായ 20കാരൻ മലേഷ്യയിൽ മരിച്ചു ; ദുരൂഹതയെന്ന് മാതാവിന്റെ പരാതി

 

 വെഞ്ഞാറമൂട്: കോട്ടുകുന്നം സ്വദേശിയായ യുവാവ് മലേഷ്യയിൽ മരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടന്ന് കാണിച്ചും കൂടുതൽ അന്വേഷണങ്ങൾ ആവശ്യപ്പെട്ടും മാതാവിന്റെ പരാതി. കോട്ടുകുന്നം ചരുവിള പുത്തൻ വീട്ടിൽ വൈഷ്ണവ് അജി ഷീനയാണ് (20) മരിച്ചത്. മാതാവ് ഷീജ അനിയാണ് മരണത്തിൽ ദുരൂഹത ആരോപിച്ചും അന്വേഷണം ആവശ്യപ്പെട്ടും വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയത്.

വൈഷ്ണവ് മലേഷ്യയിൽ കപ്പലിൽ എബിൾ സീമാൻ ആയി ജോലി ചെയ്തുവരുകയായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ 18ന് ഉച്ചക്ക് 2.15ന് ഒരു മലേഷ്യൻ നമ്പറിൽനിന്ന് എനിക്ക് ഒരു ഫോൺ വിളി വന്നു. കപ്പലിലെ ക്രെയിൻ ബക്കറ്റ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് വൈഷ്ണവിനെ സരികി ഹോസ്പിറ്റലിൽ എത്തിച്ചുവെന്നും തലച്ചോറിലുണ്ടായ രക്തസ്രാവവും തലയ്‌ക്കേറ്റ ഗുരുതര പരിക്കും കാരണം മരണം സംഭവിച്ചുവെന്നുമാണ് വിളിച്ചയാൾ പറഞ്ഞത്. തുടർന്ന് ഞങ്ങൾ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി നോർക്കയിലും മലേഷ്യയിലെ ഇന്ത്യൻ ഹൈകമീഷനിലും പരാതി നൽകി. എന്നാൽ, തുടർന്നുണ്ടായ വിവരങ്ങൾ മരണത്തിൽ വലിയ ദുരൂഹതകളുണ്ടെന്ന സംശയം ജനിപ്പിക്കുന്നതാണ്.

മലേഷ്യയിൽനിന്ന് ലഭിച്ച പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിൽ മരണകാരണമായി രേഖപ്പെടുത്തിയിരിക്കുന്നത് നെഞ്ചിലും വയറിലും ഏറ്റ ഗുരുതരമായ ക്ഷതങ്ങളാണെന്നാണ്. തലയ്‌ക്കേറ്റ പരിക്കും തലച്ചോറിലെ രക്തസ്രാവവുമാണ് മരണകാരണം എന്ന് ഫോൺ മുഖേന അറിയിച്ച ഔദ്യോഗിക പ്രസ്താവനയുമായി ഇത് യോജിക്കുന്നതല്ല.

കൂടാതെ, അപകട സമയത്ത് ക്രെയിൻ പ്രവർത്തിപ്പിച്ചിരുന്ന വ്യക്തിക്ക് സാധുവായ ലൈസൻസ് ഉണ്ടായിരുന്നില്ല എന്ന് മലേഷ്യൻ പൊലീസ് രേഖകൾ വ്യക്തമാക്കുന്നു. ജയ്പൂരിലെ ‘സിദ്ധി വിനായക് പ്രഫഷനൽ അക്കാദമി പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിലാണ് വൈഷ്ണവ് മാരി ടൈം കോഴ്‌സിൽ ചേർന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ യാതൊരു അംഗീകാരവുമില്ലാതെയാണ് ഈ അക്കാദമി മാരിടൈം കോഴ്‌സുകൾ നടത്തുന്നതെന്ന് പിന്നീട് മനസ്സിലാക്കാനായി.