പാലക്കാട് നഗരത്തില്‍ വാഹനമോഷണം: ഗുഡ്‌സ് ഓട്ടോറിക്ഷ കാണാതായി

നഗരത്തില്‍ വാഹനമോഷണം, ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷ മോഷണം പോയി.

 

പാലക്കാട്: നഗരത്തില്‍ വാഹനമോഷണം, ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷ മോഷണം പോയി. കോട്ടമൈതാനത്ത് ഇളനീര്‍ കച്ചവടം നടത്തുന്ന യാക്കര സ്വദേശി കൃഷ്ണന്‍കുട്ടിയുടെ വാഹനമാണ് ഞായറാഴ്ച രാത്രി മോഷ്ടിക്കപ്പെട്ടത്.

വാഹനം വാളയാര്‍ ടോള്‍ പ്ലാസ കടന്ന് തമിഴ്‌നാട്ടിലേക്ക് പോയതായി സൂചന ലഭിച്ചു. ടോള്‍ പ്ലാസയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. അതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് യാക്കര റോഡിലാണ് ഗുഡ്‌സ് ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരുന്നത്. ടൗണ്‍ സൗത്ത് പോലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ഇളനീര്‍ക്കച്ചവടക്കാരനായ കൃഷ്ണന്‍കുട്ടിയുടെ ഏക ഉപജീവനമാര്‍ഗമാണ് നഷ്ടപ്പെട്ടത്.

എസ്.പി ഓഫീസ് സ്ഥിതി ചെയ്യുന്ന പ്രദേശം അതീവ സുരക്ഷാ മേഖലയാണ്. അവിടെ നടന്ന കവര്‍ച്ച നഗരത്തില്‍ ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപത്ത് നിന്ന് അജ്ഞാതന്‍ ബസ് ഓടിച്ചു കൊണ്ടു പോയത്. ബസ് നഗരത്തില്‍ത്തന്നെ ഉപേക്ഷിച്ച് ആള്‍ പിന്നീട് രക്ഷപ്പെടുകയായിരുന്നു. ആ കേസിലെ പ്രതിയെ കണ്ടെത്താനായിട്ടില്ല. സി.സി.ടി.വി കേന്ദ്രീകരിച്ചു കൊണ്ടുള്ള അന്വേഷണം തുടരുകയാണ്.