വർക്കല താലൂക്കാശുപത്രിയിൽ യുവാവിനെ കുത്തിയ പ്രതി അറസ്റ്റിൽ

 

വർക്കല: വർക്കല താലൂക്കാശുപത്രിയിൽ യുവാവിനെ കുത്തിയയാൾ അറസ്റ്റിൽ. പത്തനംതിട്ട എരുമക്കാട്, കളരിക്കോട് തോണ്ടുത്തറയിൽ വീട്ടിൽ ലിജു സി. മാത്യു (29) ആണ് അറസ്റ്റിലായത്.

വ്യാഴാഴ്ച വെളുപ്പിന് 12.30ഓടെ താലൂക്കാശുപത്രിയിൽവെച്ച് നഗരൂർ സ്വദേശി അക്ബർ ഷായെ കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. കൈക്ക് പരിക്കേറ്റ ലിജു സുഹൃത്തുക്കൾക്കൊപ്പം ആശുപത്രിയിൽ ചികിത്സ തേടിയെത്തുകയും മദ്യലഹരിയിലായിരുന്ന ഇയാൾ ബഹളം വെക്കുകയും ചെയ്തിരുന്നു.

ഗർഭിണിയായ ഭാര്യയുടെ ചികിത്സയ്ക്കായി ആശുപത്രിയിലുണ്ടായിരുന്ന അക്ബർഷയും സെക്യൂരിറ്റി ജീവനക്കാരനും ഇയാളെ പറഞ്ഞ് വിലക്കുകയും സുഹൃത്തുക്കൾ കൊണ്ടു പോവുകയും ചെയ്തു. ശേഷം ഹോട്ടൽ ജീവനക്കാരനായ ലിജു ആശുപത്രിയിൽ തിരികെയെത്തി അക്ബർഷായുമായി വഴക്കിടുകയും കത്രികകൊണ്ട് നെഞ്ചിൽ കുത്തി മുറിവേൽപ്പിക്കുകയുമായിരുന്നു. വർക്കല പൊലീസെത്തി പ്രതിയെ പിടികൂടി.