ഉത്തർപ്രദേശിൽ മുത്തച്ഛനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
ലഖ്‌നൗ: ഉത്തർപ്രദേശിൽ മുത്തച്ഛനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ലൈംഗികാതിക്രമത്തിന് ഇരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് ചന്ദൻ കുമാർ ഷാ (29) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടി മുത്തച്ഛനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ, ബാൻസ്ദിഹ് റോഡ് കവലയ്ക്ക് സമീപമുള്ള കോൾഡ് സ്റ്റോറേജിനടുത്ത് വെച്ച് വണ്ടി നിർത്തി ശുചിമുറിയിൽ പോയ സമയം നോക്കി, മോട്ടോർ സൈക്കിളിലെത്തിയ പ്രതി പെൺകുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ ബൻസ്ദിഹ് റോഡ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പോലീസ് പെൺകുട്ടിയെ കണ്ടെത്തുകയും രക്ഷപ്പെടുത്തുകയും ചെയ്തു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ വാൻഷ് ബഹാദൂർ സിങ് പറഞ്ഞു.
കുട്ടിയുടെ മൊഴിയുടെയും മെഡിക്കൽ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരമുള്ള കടുത്ത വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇന്നലെ ധേലഹ്വ ബാബയിൽ നിന്ന് ദുബാദിലേക്കുള്ള റോഡിന് സമീപത്ത് വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. കുറ്റകൃത്യത്തിന് പ്രതി ഉപയോഗിച്ച മോട്ടോർ സൈക്കിളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.