ഉത്തർപ്രദേശിൽ കാമുകിയുടെ ഏഴ് വയസ്സുകാരൻ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി യുവാവ്
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ കാമുകിയുടെ മകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി യുവാവ്. പ്രണയബന്ധത്തിന് തടസ്സമാകുമെന്ന് ഭയന്നാണ് ഏഴ് വയസ്സുകാരനെ അറുംകൊല നടത്തിയത്. സംഭവത്തിൽ മുസഫർനഗർ സ്വദേശി അർപിത് പരാശറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാവിലെ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന അങ്കദ് എന്ന ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു പ്രതി. ചോക്ലറ്റ് നൽകാമെന്ന് പ്രലോഭിപ്പിച്ച് കുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയ പ്രതി, ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലിന് സമീപമുള്ള പാടത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.
പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോകുന്നത് കണ്ടെത്തുകയും തുടർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ കുട്ടിയെ കനാലിൽ എറിഞ്ഞെന്നാണ് പ്രതി മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കനാലിൽ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും മൃതദേഹം ഒളിപ്പിച്ച സ്ഥലം കാണിക്കുകയുമായിരുന്നു.
കൊല്ലപ്പെട്ട അങ്കദിന്റെ പിതാവ് ദുബായിൽ ജോലി ചെയ്യുകയാണ്. പഞ്ചാബിൽ മുത്തശ്ശിയോടൊപ്പം താമസിച്ച് പഠിക്കുകയായിരുന്ന അങ്കദ്, ഒരാഴ്ച മുമ്പാണ് മീററ്റിലെ അമ്മയുടെ അടുത്തെത്തിയത്. കുട്ടിയുടെ അമ്മയ്ക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്. കുട്ടിയുടെ അമ്മയുമായി ദീർഘകാലമായി പ്രണയത്തിലായിരുന്ന പ്രതി, തങ്ങളുടെ ബന്ധത്തിന് കുട്ടി ഒരു തടസ്സമാകുമെന്ന് കരുതിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് മീററ്റ് റൂറൽ എസ്.പി അഭിജീത് കുമാർ സിങ് അറിയിച്ചു.