യൂണിവേഴ്‌സിറ്റി ക്ലറിക്കൽ പോസ്റ്റിലേക്ക് ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടി ;  യൂണിവേഴ്‌സിറ്റി ജീവനക്കാരൻ അറസ്റ്റിൽ

 

 മണ്ണൂത്തി വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയ യൂണിവേഴ്‌സിറ്റി ജീവനക്കാരനെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റിയിലെ ജോലിക്കാരനായ ബിനോയ് (45) ആണ് പിടിയിലായത്. 

ക്ലറിക്കൽ പോസ്റ്റിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പുതുരുത്തി സ്വദേശി നിമേഷിൻറെ കൈവശത്തുനിന്നും പലപ്പോഴായി 11 ലക്ഷത്തോളം രൂപ തട്ടിയെടുത്ത് ജോലിയോ വാങ്ങിച്ച പണമോ നല്കാതെ വിശ്വാസവഞ്ചന നടത്തിയ കേസിലാണ് അറസ്റ്റ്. വെറ്ററിനറി കോളേജിൽ വരുന്ന ഒഴിവുകളിലേക്ക് പരീക്ഷയോ ഇൻറർവ്യൂവോ ഇല്ലാതെ ജോലി വാങ്ങി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പണം കൈപ്പറ്റിയത്. നിമേഷ് വിദേശത്തുനിന്നും തിരികെ വന്ന് നാട്ടിൽ ബിസിനസ് നടത്തുന്നയാളാണ്. നിമേഷിൻറെ ഭാര്യക്കും സഹോദരനും ജോലി ലഭിക്കുന്നതിനാണ് പണം നല്കിയിരുന്നത്.

പണം നല്കി ദിവസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നപ്പോഴാണ് പരാതിയുമായി നിമേഷ് സ്റ്റേഷനിൽ എത്തിയത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ പ്രതി മാടക്കത്തറയിലുള്ള വീട്ടിലെത്തിയിട്ടുണ്ട് എന്നറിഞ്ഞ് വടക്കാഞ്ചേരി പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.