കൊച്ചിയിൽ ആറ് കിലോ കഞ്ചാവുമായി  രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

കൊച്ചി  നഗരത്തിൽ ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി പോലീസ് നടത്തുന്ന ശക്തമായ പരിശോധനകൾക്കിടയിൽ വൻ കഞ്ചാവ് വേട്ട. ഇരുമ്പനത്ത് വാടകവീട് വളഞ്ഞ് നടത്തിയ പരിശോധനയിൽ ആറ് കിലോയിലധികം കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കൊച്ചി സിറ്റി പോലീസ് പിടികൂടി.

 

കൊച്ചി : കൊച്ചി  നഗരത്തിൽ ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി പോലീസ് നടത്തുന്ന ശക്തമായ പരിശോധനകൾക്കിടയിൽ വൻ കഞ്ചാവ് വേട്ട. ഇരുമ്പനത്ത് വാടകവീട് വളഞ്ഞ് നടത്തിയ പരിശോധനയിൽ ആറ് കിലോയിലധികം കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ മുർഷിദാബാദ് കാസിപാറ സ്വദേശികളായ മഹഫൂജ് എസ്.കെ (21), ഈമാൻ എസ്.കെ (23) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സഹോദരങ്ങളാണെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ലഹരിമരുന്ന് വിൽപ്പനയെക്കുറിച്ച് നാർക്കോട്ടിക് സെല്ലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ നീക്കം.

നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് പ്രത്യേക സംഘം ഇരുമ്പനം ചുങ്കത്ത് റോഡിലുള്ള പ്രതികളുടെ വാടക വീട് വളഞ്ഞാണ് ഇവരെ സാഹസികമായി കസ്റ്റഡിയിലെടുത്തത്. പ്രതികൾ താമസിച്ചിരുന്ന മുറിയിൽ നടത്തിയ വിശദമായ തിരച്ചിലിൽ 6.112 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. നഗരത്തിലെ അതിഥി തൊഴിലാളികൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും വിതരണം ചെയ്യുന്നതിനായി വൻതോതിൽ എത്തിച്ചതാണ് ഈ കഞ്ചാവെന്നാണ് പോലീസിന്റെ നിഗമനം.

പിടികൂടിയ പ്രതികളെയും ലഹരിമരുന്നും തുടർനടപടികൾക്കായി ലോക്കൽ പോലീസിന് കൈമാറി. ഇവർക്ക് ഇത്രയധികം കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്നും കൊച്ചിയിലെ മറ്റ് ലഹരി മാഫിയകളുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും അറിയാൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും നഗരത്തിലും പരിസരപ്രദേശങ്ങളിലും ലഹരി വിരുദ്ധ പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് പോലീസ് കമ്മീഷണർ അറിയിച്ചു.