ട്രെയിൻ യാത്രക്കാരെ കടത്തിക്കൊണ്ടുപോയി പണം കവർന്ന സംഭവം : ഒരാൾ കൂടി അറസ്റ്റിൽ

 

വാളയാർ: ട്രെയിൻ യാത്രക്കാരായ വ്യാപാരികളെ പോലീസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന കാറിൽ കടത്തിക്കൊണ്ടുപോയി പണം കവർന്ന സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. തൃശ്ശൂർ അന്തിക്കാട് അരിമ്പൂർ സ്വദേശി നിധീഷ് (39) ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

തിങ്കളാഴ്ച ഉച്ചയോടെയാണ് കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചറിൽ യാത്ര ചെയ്തിരുന്ന മലപ്പുറം സ്വദേശികളായ വ്യാപാരികളെ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറക്കി കാറിൽ കടത്തിക്കൊണ്ടുപോയി മർദിച്ച് ഒൻപതംഗ സംഘം 25 ലക്ഷം രൂപ കവർന്നത്. വാളയാർ ഇൻസ്‌പെക്ടർ എൻ.എസ്. രാജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ മറ്റു പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.