ട്രെയിന് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവം ; പ്രതി റിമാൻഡിൽ
ട്രെയിന് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് വിദ്യാർത്ഥിനിയായ യുവതിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ യുവാവിനെ കോടതി റിമാന്റ് ചെയ്തു.കോഴിക്കോട് കടലുണ്ടി സ്വദേശി കൃഷ്ണകുമാർ ആണ് പിടിയിലായത്. ആലുവ യു.സി കോളേജ് വിദ്യാർത്ഥിനിയും വടകര പുറമേരി സ്വദേശിനിയുമായി ഐശ്വര്യക്കാണ് കീഴ്ത്താടിയെല്ലിന് സാരമായി പരിക്കേറ്റത്. ഐശ്വര്യ ഇപ്പോഴും ഭക്ഷണം പോലും കഴിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ, മൂങ്ങയെ കല്ലെറിഞ്ഞതാണെന്നായിരുന്നു ഇയാൾ മൊഴി നൽകിയത്. കഴിഞ്ഞ മാർച്ച് 30നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പരീക്ഷാ അവധിയായതിനാൽ നാട്ടിലേക്ക് മടങ്ങിയ ഐശ്വര്യ ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു. എട്ടാമത്തെ ജനറൽ കോച്ചിൽ വിന്റോ സീറ്റിലാണ് ഇരുന്നിരുന്നത്. ഇതിനിടെ ഫറോക്കിനും കടലുണ്ടിക്കും ഇടയിൽ വച്ചാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്.
താടിയെല്ലിനും, പല്ലിനും ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ ഉടൻ തന്നെ കോഴിക്കോട് നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയയാക്കി. ദിവസങ്ങൾ നീണ്ട ശ്രമകരമായ അന്വേഷണങ്ങൾക്കൊടുവിലാണ് കൃഷ്ണകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.