തീവണ്ടിയിൽ കടത്താൻ ശ്രമിച്ച 15 കുപ്പി വിദേശ മദ്യവുമായി പാൻട്രി ജീവനക്കാരൻ പിടിയിൽ

 

 പാലക്കാട്: തീവണ്ടിയിൽ നിയമവിരുദ്ധമായി കടത്താൻ ശ്രമിച്ച 15 കുപ്പി വിദേശ മദ്യവുമായി പാൻട്രി ജീവനക്കാരൻ ആർ.പി.എഫിന്റെ പിടിയിലായി. ദിബ്രുഗട്ടിൽ നിന്ന് കന്യാകുമാരിയിലേക്ക് സർവീസ് നടത്തുന്ന വിവേക് എക്സ്പ്രസ്സിലെ പാൻട്രി ജീവനക്കാരനും പശ്ചിമ ബംഗാൾ സ്വദേശിയുമായ അനുപം താലുക്ധാർ (32) ആണ് അറസ്റ്റിലായത്.

ട്രെയിനിൽ വെച്ച് ഇയാളുടെ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു 15 കുപ്പി വിദേശമദ്യം കണ്ടെടുത്തത്. ട്രെയിനിലെ ആവശ്യക്കാരായ യാത്രക്കാർക്ക് കൂടിയ വിലയ്ക്ക് വിൽക്കുന്നതിനാണ് മദ്യം ഒളിപ്പിച്ചുവെച്ചതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഓപ്പറേഷൻ സത്തർക്കിന്റെ ഭാഗമായി പാലക്കാട് ആർ.പി.എഫും ആർ.പി.എഫ് ക്രൈംബ്രാഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്.