തൃശ്ശൂരിൽ ആരാധനാലയങ്ങളിലും ചായക്കടയിലും വ്യാപാര സ്ഥാപനത്തിലും മോഷണം
ചെറുതുരുത്തി : ആരാധനാലയങ്ങളിലും ചായക്കടയിലും വ്യാപാര സ്ഥാപനത്തിലും മോഷണം. പാഞ്ഞാൾ മണലാടി പ്രദേശത്തുള്ള ക്ഷേത്രത്തിലും ക്രിസ്ത്യൻ പള്ളിയിലും സമീപത്തുള്ള ചായക്കടയിലും വ്യാപാര സ്ഥാപനത്തിലുമാണ് മോഷണം നടന്നത്.
മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരി രാവിലെ ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം ആദ്യം അറിയുന്നത്. ഭണ്ഡാരവും വഴിപാട് കൗണ്ടറും കുത്തിത്തുറന്ന് പണം കവർന്നു. തിടപ്പള്ളിയിലെ സ്റ്റോർ റൂമിന്റെ വാതിലും തുറന്നിട്ട നിലയിലാണ്. എത്ര പണം മോഷണം പോയിട്ടുണ്ടാവും എന്ന് ഭാരവാഹികൾക്ക് അറിയില്ല. മറ്റു സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
സെന്റ് ജോസഫ് ദേവാലയത്തിലെ കപ്പേള മോഷ്ടാവ് കുത്തിത്തുറന്നു. അതിൽനിന്ന് കുറെ കത്തുകൾ മാത്രമാണ് ഉണ്ടായിരുന്നത്. തൊട്ടടുത്തുള്ള ഭണ്ഡാരം മോഷ്ടാവിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. മാസങ്ങൾക്കു മുമ്പ് ഇവിടെ മോഷണം നടന്നിരുന്നു. രാത്രി രണ്ടരയോടെയാണ് മോഷണം. മോഷണത്തിന്റെ ദൃശ്യങ്ങൾ തൊട്ടടുത്ത വ്യാപാര സ്ഥാപനത്തിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പിക്കാസ് ഉപയോഗിച്ച് പൂട്ട് തല്ലി തകർക്കുന്ന ദൃശ്യങ്ങളാണ് കാമറയിലുള്ളത്. ഈ കടയിൽനിന്നും പണം പോയിട്ടുണ്ട്.
തൊട്ടടുത്തുള്ള ചായക്കടയുടെ നിരീക്ഷണ കാമറ മോഷ്ടാവ് അപഹരിച്ചിട്ടുമുണ്ട്. ഇതുകൂടാതെ മോഷ്ടാവ് കൊണ്ടുവന്നു എന്ന് കരുതുന്ന സൈക്കിളിൽ സമീപത്ത് റോഡിൽ ഉണ്ട്. ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി.