കുപ്രസിദ്ധ മോഷ്ടാവ് തൃശൂർ സിറ്റി പൊലീസിന്റെ പിടിയിൽ

 

തൃശൂർ: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. വാടാനപ്പിള്ളി രായമരക്കാർ വീട്ടിൽ സുഹൈൽ (44) എന്ന ഓട്ടോ സുഹൈൽ ആണ് തൃശൂർ സിറ്റി പൊലീസിന്റെ പിടിയിലായത്.

ചോദ്യം ചെയ്യലിൽ ഭാര്യയുടെ ബിസിനസ് തകർക്കാനുള്ള ഭർത്താവിന്റെ ക്വട്ടേഷൻ അടക്കം കുറ്റകൃത്യങ്ങൾ വെളിച്ചത്തുവന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ആഗസ്ത് 28ന് ചിറ്റാട്ടുകര സെന്റ്. സെബാസ്റ്റ്യൻസ് സ്കൂളിൽ കവർച്ച നടത്തിയ കേസിന്റെ അന്വേഷണത്തിലാണ് സുഹൈൽ അറസ്റ്റിലായത്.

സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ മോഷ്ടാവ് ഉപയോഗിച്ചതായി കണ്ടെത്തിയ ബൈക്ക് ആണ് നിർണായകമായത്. ഈ ബൈക്ക് ഉപയോഗിച്ച് പാലക്കാട് കൊഴിഞ്ഞമ്പാറയിലും മോഷണം നടത്തിയതായി കണ്ടെത്തി.

ഈ കേസിൽ ജയിലിൽ കഴിയുന്ന കൊഴിഞ്ഞാമ്പാറ വലിയവല്ലപ്പതി മലക്കാട് വീട്ടിൽ ഷമീറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് സുഹൈലിനെ കുറിച്ച് അറിഞ്ഞത്. ക്വട്ടേഷൻ പ്രകാരം ചിറ്റൂരിൽ സ്ത്രീ നടത്തിയിരുന്ന ബിസിനസ് സ്ഥാപനത്തിൽ നിന്ന് സുപ്രധാന രേഖകൾ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്, ലാപ്ടോപ്പ്, മൊബൈൽ ഫോൺ, പെൻഡ്രൈവുകൾ എന്നിവയാണ് സുഹൈൽ കവർന്നത്.

സ്ത്രീയുടെ ഭർത്താവ് ഒരു കേസിൽ ജയിലിൽ കഴിയവേ, സുഹൈലും അവിടെ അന്തേവാസിയായിരുന്നു. അവിടെ വെച്ചാണ് ഭാര്യയുടെ ബിസിനസ് തകർക്കാൻ ക്വട്ടേഷൻ നൽകിയത്. ഈ കേസിൽ ഇയാളെ ചിറ്റൂർ പൊലീസിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

2021 ഡിസംബറിൽ പാവറട്ടി മുല്ലശേരി പെട്രോൾ പമ്പിൽ നിന്നും 25,000 രൂപയും പാലക്കാട് ചിറ്റൂർ അരങ്ങുപള്ളം എന്ന സ്ഥലത്ത് അടഞ്ഞു കിടന്നിരുന്ന വീട്ടിലും, പോസ്റ്റ് ഓഫിസിലും, കുഴൽമന്ദം കണ്ണന്നൂർ സ്കൂളിൽ നിന്നും ലാപ്ടോപ്പുകളും അന്തിക്കാട് കണ്ടശാംകടവിൽ നിന്നും ഒരു മൊട്ടോർ സൈക്കിളും, മലപ്പുറം എടപ്പാൾ അംശക്കച്ചേരി പോസ്റ്റ് ഓഫിസിലും മോഷണം നടത്തിയതായി പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പൊന്നാനിയിൽ നിന്നുമാണ് ഇയാൾ അറസ്റ്റിലായത്. സുഹൈലിനെ റിമാൻഡ് ചെയ്തു.