തൃശൂരിൽ അമ്മയെ മനോരോഗിയായ മകൻ വെട്ടിക്കൊലപ്പെടുത്തി

 

 പാവറട്ടി: തൃശൂർ പാവറട്ടിയിൽ മനോരോഗിയായ മകന്റെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. വെങ്ങര കോഴിപ്പറമ്പിൽ (തകരൻ) പരേതനായ ചെറിയാന്റെ ഭാര്യ ഡോളി (70) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ ബെൻഹറിനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. വീട്ടുപറമ്പിൽ ദൈനംദിന ജോലികൾ ചെയ്യുകയായിരുന്ന ഡോളിയെ യാതൊരു പ്രകോപനവുമില്ലാതെ മകൻ ആക്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ആദ്യം കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയും, പിന്നീട് വെട്ടുകത്തിയെടുത്ത് തലയിൽ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

രക്തം വാർന്ന് കിടന്നിരുന്ന ഡോളിയെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം വീട്ടിൽ തന്നെ തുടർന്ന പ്രതിയെ അവിടെ വെച്ചുതന്നെയാണ് പൊലീസ് പിടികൂടിയത്. പ്രതിയായ ബെൻഹറിന് മാനസികാസ്വാസ്ഥ്യമുള്ളതായി റിപ്പോർട്ടുകളുണ്ട്. പെട്ടെന്നുണ്ടായ കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനം എന്താണെന്ന് വ്യക്തമായിട്ടില്ല. പാവറട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി.