തിരുവനന്തപുരത്ത് വീട് വാടകയ്ക്കെടുത്ത് എംഡിഎംഎ വിൽപ്പന നടത്തിയ പ്രതികൾ പിടിയിൽ

 
mdma,kannur

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട് വാടകയ്ക്കെടുത്ത് എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന യുവാക്കൾ എക്സൈസ് സംഘത്തിൻ്റെ പിടിയിൽ. പൂവച്ചൽ ചക്കിപ്പാറയ്ക്ക് സമീപം നടത്തിയ പരിശോധനയിലാണ് സുഹൈദ് ഇൻതിയാസ് (24), വിഷ്ണു (20) എന്നിവരെ എക്സൈസ് നെടുമങ്ങാട് ടീം പിടികൂടിയത്.

അതേസമയം ഇവർ ലഹരിവിൽപ്പന നടത്തുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ‌ നിന്നും 16 ഗ്രാം എംഡിഎംഎയും കണ്ടെടുത്തത്. സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് ഇവർ കാലങ്ങളായി വിൽപ്പന നടത്തിവരികയാണെന്നും സുഹൈദ് മറ്റൊരു എംഡിഎംഎ കേസിൽ ജയിൽവാസം അനുഭവിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും കച്ചവടത്തിനിറങ്ങിയതെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.