തിരുവനന്തപുരത്ത് വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല പൊട്ടിച്ച പ്രതി പിടിയിൽ
വർക്കല: വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല പൊട്ടിച്ച് കടന്നയാളെ മണിക്കൂറിനുള്ളിൽ പിടികൂടി പൊലീസ്. അയൽവാസിയായ ആരോമൽ എന്ന യുവാവാണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് സംഭവം. ഇലകമൺ ബിന്ദുനിവാസിൽ സുലഭ(64)യാണ് അതിക്രമത്തിനിരയായത്. മകളുടെ വീട്ടിലേക്ക് പോകാൻ ഒരുങ്ങവെ അടുക്കള ഭാഗത്തുകൂടി എത്തിയ യുവാവ് കൈയിൽ കരുതിയ മുളകുപൊടി വീട്ടമ്മയുടെ കണ്ണിൽ വിതറുകയും തോർത്തുകൊണ്ട് മുഖം മൂടുകയും ചെയ്തു. കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്തശേഷം നിമിഷങ്ങൾക്കുള്ളിൽ യുവാവ് ഓടി മറയുകയായിരുന്നത്രെ. നിലവിളി കേട്ട് എത്തിയ അയൽക്കാരാണ് വിവരം അയിരൂർ പൊലീസിൽ അറിയിച്ചത്.
മോഷ്ടാവിന്റെ മുഖം വ്യക്തമായി കണ്ടില്ലെന്നും അയൽവാസിയായ യുവാവിനെ സംശയമുണ്ടെന്നും സുലഭ പൊലീസിനോട് പറഞ്ഞു.
തുടർന്ന് മുളകുപൊടി കൊണ്ടുവന്ന പേപ്പർ കഷണവുമായി അയൽവാസിയുടെ വീട്ടിൽ പൊലീസ് എത്തി. പത്രത്തിന്റെ കീറിയ ഭാഗം വീട്ടിൽ ഉണ്ടായിരുന്ന ബാക്കി ഭാഗവുമായി ഒത്തുനോക്കിയ പൊലീസ് യുവാവിനെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. യുവാവിന്റെ ബൈക്കിൽ ഒളിപ്പിച്ചുെവച്ച മാലയും പൊലീസ് കണ്ടെത്തി. യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.