തിരുവനന്തപുരത്ത് പഞ്ചായത്ത് അംഗത്തെ മർദ്ദിച്ച കേസിലെ പ്രതികളായ രണ്ട് പേരെ കാപ്പ ചുമത്തി നാടുകടത്തി
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഗുണ്ടാ-ക്രിമിനൽ സംഘങ്ങൾക്കെതിരെയുള്ള നടപടികൾ കർശനമാക്കി പോലീസ്. നിരവധി അക്രമക്കേസുകളിൽ പ്രതികളായ രണ്ട് യുവാക്കളെ കാപ്പ പ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. മംഗലപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരായ എൻ. ഫഹദ്, എ. ആഷിക് എന്നിവരെയാണ് തിരുവനന്തപുരം ജില്ലയിൽ നിന്നും ആറുമാസത്തേക്ക് നാടുകടത്തിയത്. മംഗലപുരം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സമർപ്പിച്ച കൃത്യമായ ക്രിമിനൽ റെക്കോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആണ് ഇവർക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്.
നാട്ടിൽ നിരന്തരം ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന നിരവധി ക്രിമിനൽ കേസുകളിൽ ഇരുവരും പങ്കാളികളാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അണ്ടൂർക്കോണം പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ള പൊതുപ്രവർത്തകരെ ക്രൂരമായി ആക്രമിച്ച കേസിലെ മുഖ്യപ്രതികളാണിവർ. ഈ കേസിൽ ദീർഘനാൾ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികൾ അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിട്ടും ഇവരുടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും ഗുണ്ടാവിളയാട്ടങ്ങൾക്കും കുറവുണ്ടായില്ല. പ്രതികൾ വീണ്ടും അക്രമങ്ങളിൽ ഏർപ്പെടുന്നു എന്ന് ബോധ്യപ്പെട്ടതോടെയാണ് പോലീസിന് കാപ്പ പ്രകാരം കടുത്ത നടപടിയുമായി മുന്നോട്ട് പോകേണ്ടി വന്നത്. വരും ദിവസങ്ങളിലും ജില്ലയിലെ ക്രമസമാധാന നില തകർക്കാൻ ശ്രമിക്കുന്ന സാമൂഹ്യവിരുദ്ധർക്കെതിരെ കർശനമായ നടപടികൾ തുടരുമെന്ന് തിരുവനന്തപുരം ജില്ലാ പോലീസ് അറിയിച്ചു.