വീട് കുത്തിത്തുറന്ന്  സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

ഒറ്റപ്പാലം കണ്ണിയംപുറത്ത് വീടു കുത്തിത്തുറന്നു സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. 

 

പാലക്കാട്: ഒറ്റപ്പാലം കണ്ണിയംപുറത്ത് വീടു കുത്തിത്തുറന്നു സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. കൊല്ലം ആയത്തില്‍ പുത്തന്‍ വിള വീട്ടില്‍ നബീമു(53) എന്ന നജ്മുദ്ദീനെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് സ്വദേശിയായ നഴ്‌സിങ് കോളജ് അസി. പ്രഫ. വിനോദ്കുമാര്‍ വാടകയ്ക്കു താമസിക്കുന്ന കണ്ണിയംപുറം കൂനംതുള്ളി ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ നിന്നാണ് എട്ടരപവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും 48 ഗ്രാം വെള്ളി ആഭരണങ്ങളും 3000 രൂപയും മോഷ്ടിച്ചത്.

തെളിവെടുപ്പിനിടെ തൃശൂരിലെയും ഒറ്റപ്പാലത്തെയും ജുവലറികളില്‍ നിന്നായി 5 പവനിലേറെ സ്വര്‍ണം വീണ്ടെടുത്തു. സമാനമായ മറ്റൊരു കേസില്‍ വടക്കഞ്ചേരി പോലീസിന്റെ പിടിയിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന നജ്മുദീനെ കോടതി മുഖേനയാണ് അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങിയത്. മോഷണം നടന്ന കണ്ണിയംപുറത്തെ വീട്ടിലും ഇയാളെ തെളിവെടുപ്പിന് എത്തിച്ചു. കഴിഞ്ഞ മാര്‍ച്ച് 30ന് തമിഴ്‌നാട്ടിലേക്കു പോയ കുടുംബം ഏപ്രില്‍ 10നു തിരിച്ചെത്തിയപ്പോഴാണു മോഷണ വിവരം ശ്രദ്ധയില്‍പ്പെട്ടത്.

വീടിന്റെ മുന്‍വാതില്‍ കുത്തി തുറന്നാണു അകത്തുകടന്ന് കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവര്‍ന്നത്. സ്വകാര്യ നഴ്‌സിങ് കോളജിലെ പ്രഫസറായിരുന്ന വിനോദ് കുമാറും കുടുംബവും ജോലി ഉപേക്ഷിച്ചു തമിഴ്‌നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിടെയായിരുന്നു കവര്‍ച്ച. വിനോദ്കുമാറിന്റെ പരാതിയില്‍ തുടങ്ങിയ അന്വേഷണം വഴിമുട്ടിയ ഘട്ടത്തിലാണു കേസിനു തുമ്പായത്. അറസ്റ്റിലായ നജ്മുദീന്റെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി ഇരുപത്തിയഞ്ചോളം മോഷണ കേസുകളുണ്ട്.ഒറ്റപ്പാലം പോലീസ് ഇന്‍സ്‌പെക്ടര്‍ എ. അജീഷ്, എസ്.ഐ എം. സുനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കസ്റ്റഡി കാലാവധി തീരുന്ന തിങ്കളാഴ്ച നജ്മുദീനെ കോടതിയില്‍ ഹാജരാക്കും.