എസ്യുവി ഇടിച്ചുതെറിപ്പിച്ച് പിന്നാലെ ഓടിയെത്തി ആക്രമണം; ജയ്പൂരിൽ യുവാവ് കൊല്ലപ്പെട്ടു
രാജസ്ഥാനിലെ ജയ്പൂരിൽ യുവാവിനെ വാഹനമിടിച്ചുവീഴ്ത്തിയ ശേഷം ആയുധങ്ങളുപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. വിജയ് ബാജിയ എന്നയാളാണ് കൊല്ലപ്പെട്ടത്. നാല് മുതൽ ആറുവരെ ആളുകൾ സംഘമായെത്തി ഇയാൾ സഞ്ചരിച്ചിരുന്ന ഫോർച്യൂണർ വാഹനത്തിലേക്ക് ക്യാമ്പർ വാഹനം ഇടിച്ചുകയറ്റിയെന്നാണ് പൊലീസ് പറയുന്നത്.
ഇടിയുടെ ആഘാതത്തിൽ വാഹനം നിയന്ത്രണം വിട്ടതോടെ വിജയ് പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ അക്രമികൾ പിന്നാലെയെത്തി കോടാലിയും ഇരുമ്പുവടികളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവം സമീപവാസികൾ മൊബൈൽ ഫോണിൽ പകർത്തിയതായും വിവരമുണ്ട്.
പഴയ തർക്കങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന സംശയത്തിലാണ് പൊലീസ്. എന്നാൽ കൃത്യമായ കാരണം സ്ഥിരീകരിച്ചിട്ടില്ല. പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിക്കുകയും പ്രദേശത്ത് പരിശോധന ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.