സുഹൃത്തിനെ കുത്തിക്കൊന്ന പ്രതി പിടിയിൽ : കൊലപാതകവിവരം പുറത്തറിഞ്ഞത് വാഹന പരിശോധനക്കിടെ  ശരീരത്തിൽ കണ്ട രക്തക്കറ

തിരുവനന്തപുരം പൊഴിയൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനൂപ് മണിക്കൂറുകൾക്കകം പൊലീസിന്റെ പിടിയിലായി. വിഴിഞ്ഞത്ത് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ ശരീരത്തിൽ രക്തക്കറയുമായി എത്തിയ അനൂപിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. ഇയാൾ സഞ്ചരിച്ച വാഹനത്തിൽനിന്നും കത്തിയും ലഭിച്ചിട്ടുണ്ട്.

 

  തിരുവനന്തപുരം : തിരുവനന്തപുരം പൊഴിയൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനൂപ് മണിക്കൂറുകൾക്കകം പൊലീസിന്റെ പിടിയിലായി. വിഴിഞ്ഞത്ത് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ ശരീരത്തിൽ രക്തക്കറയുമായി എത്തിയ അനൂപിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. ഇയാൾ സഞ്ചരിച്ച വാഹനത്തിൽനിന്നും കത്തിയും ലഭിച്ചിട്ടുണ്ട്.

ഇന്നലെയാണ് അനൂപ് സുഹൃത്തായ രാജനെ കൊലപ്പെടുത്തിയത്. പൊഴിയൂർ പൂഴിക്കുന്ന് സ്വദേശിയായ രാജൻ ഒറ്റക്കാണ് താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യ പിണങ്ങി പോയിരുന്നു. രാജന്റെ സുഹൃത്തായ അനൂപ് സ്ഥിരമായി വീട്ടിൽ മദ്യപിക്കാൻ എത്തുമായിരുന്നു. കഴിഞ്ഞ ദിവസം മദ്യപാനത്തിനിടെ രാജനും അനൂപും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന്, അനൂപ് രാജനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. രാജന്റെ ശരീരത്തിൽ 35 ലേറെ കുത്തേറ്റിട്ടുണ്ട്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റതായും പൊലീസ് പറഞ്ഞു.

ചോദ്യം ചെയ്യലിൽ കൊലപാതക വിവരം വെളിപ്പെടുത്തിയതോടെ വിഴിഞ്ഞം പൊലീസ് പ്രതിയെ പിടികൂടി പൊഴിയൂർ പൊലീസിന് കൈമാറി. കൊല്ലപ്പെട്ട രാജന്റെ വാഹനവുമായി പോകുമ്പോഴാണ് അനൂപിനെ പൊലീസ് പിടികൂടിയത്.