ഓഹരി വിപണിയിൽ നിക്ഷേപിച്ചശേഷം ലക്ഷങ്ങൾ തട്ടിയ കേസ് : മുഖ്യപ്രതി പിടിയിൽ

 

പത്തനംതിട്ട: ഓഹരി വിപണിയിൽപണം നിക്ഷേപിച്ചാൽ ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതിയെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. പുറമറ്റം പടുതോട് കാവുങ്കൽ കെ.എസ്. അജീഷ് ബാബു (42) ആണ് അറസ്റ്റിലായത്.പുറമറ്റം കവുങ്ങുംപ്രയാർ ചിറക്കടവ് സിബി കുട്ടപ്പനാണ് 2017 സെപ്റ്റംബർ ഒന്നുമുതൽ 2020 നവംബർ 27വരെ കാലയളവിൽ തട്ടിപ്പിനിരയായത്.

സിബിയുടെ ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് അജീഷ് ബാബുവിന്റെ വെണ്ണിക്കുളത്തെ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്ക് രണ്ടുതവണയായി ആകെ 32,94,000 രൂപയാണ് നിക്ഷേപിപ്പിച്ചത്. തുടർന്ന്, കൈപ്പറ്റിയ തുകയോ ലാഭവിഹിതമോ തിരികെനൽകാതെ വഞ്ചിച്ചെന്നാണ് കേസ്.

ഒന്നാംപ്രതിയാണ് അജീഷ് ബാബു. പണം നൽകാൻ സിബിയെ പ്രേരിപ്പിക്കുകയും കൂടുതൽ ലാഭം കിട്ടുമെന്ന് പ്രലോഭിപ്പിക്കുകയും ചെയ്ത രണ്ടും മൂന്നും പ്രതികളെ പിടികൂടാനായിട്ടില്ല. പിടിയിലായ അജീഷ് സ്വന്തം ആവശ്യങ്ങൾക്കായി പണം വിനിയോഗിച്ചതായും ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

സിബിയുമായി ഇവർ നടത്തിയ ഫോൺ വിളികളുടെ വിശദാംശം ജില്ല പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം കണ്ടെടുത്തിരുന്നു.