സൂറത്തിലുള്ള വസ്ത്രവ്യാപാര കേന്ദ്രത്തിലുണ്ടായ വമ്പൻ തീപിടിത്തം അപകടമല്ല, പ്രതികാര നടപടിയായിരുന്നുവെന്ന് പോലീസ്
ഗുജറാത്ത് ; സൂറത്തിലുള്ള വസ്ത്രവ്യാപാര കേന്ദ്രത്തിലുണ്ടായ വമ്പൻ തീപിടിത്തം അപകടമല്ലെന്നും പ്രതികാര നടപടിയായിരുന്നുവെന്നും പോലീസ് കണ്ടെത്തി.ദിവസവും ലക്ഷക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന സൂറത്തിലെ ശ്യാം സംഗിനി വസ്ത്രവ്യാപാര കേന്ദ്രത്തിലാണ് 14 കടകളെ പൂർണ്ണമായി വിഴുങ്ങുകയും ഏകദേശം 24 കോടി രൂപയുടെ തുണിത്തരങ്ങൾ കത്തിച്ചാമ്പലാക്കുകയും ചെയ്ത തീപിടിത്തമുണ്ടായത്. സ്ഥാപനത്തിലെ മുൻ അക്കൗണ്ടന്റായ വിനോദ് പണ്ഡിറ്റ് സാവ്‌ലെയാണ് ഇതിന് പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് സ്ഥിരീകരിച്ചു.
ഏപ്രിൽ മുതൽ ശ്യാം സംഗിനി മാർക്കറ്റിലെ 639-ാം നമ്പർ കടയിൽ മൂന്നു മാസത്തോളം വിനോദ് ജോലി ചെയ്തിരുന്നു. എന്നാൽ അക്കൗണ്ടിങ് ജോലികൾ കൃത്യമായി കൈകാര്യം ചെയ്യാൻ കഴിയാത്തതിനെ തുടർന്ന് ജൂണിൽ ഇയാൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു. തുടർന്ന് ശമ്പള ഇനത്തിൽ ലഭിക്കാനുണ്ടായിരുന്ന 10,000 രൂപ ചോദിച്ചപ്പോൾ കടയുടമ തന്നോട് മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തതാണ് ഇത്തരം ഒരു കടുത്ത നടപടിയിലേക്ക് നയിച്ചതെന്ന് വിനോദ് മൊഴി നൽകി.