ക്ഷേത്രോത്സവത്തിനിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ
Mar 17, 2026, 17:58 IST
കോഴിക്കോട്: കാരപ്പറമ്പിലെ ക്ഷേത്രോത്സവത്തിനിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. കക്കോടി പടിഞ്ഞാറ്റുംമുറി തട്ടാരിക്കൽ വീട്ടിൽ വൈശാഖിനെ (25) ആണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി കാരപ്പറമ്പിലെ ക്ഷേത്രത്തിൽ തിറ നടന്നുകൊണ്ടിരിക്കെയാണ് സംഭവം. ഉത്സവം കാണാനെത്തിയ വെസ്റ്റ്ഹിൽ സ്വദേശിനിയായ യുവതിയെ വൈശാഖ് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. യുവതി ഉടൻ തന്നെ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു. എ.എസ്.ഐ സുനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാഹുൽ, ദിനേശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.