ഹോസ്റ്റലിൽ പ്രൈമറി സ്‌കൂൾ വിദ്യാര്‍ഥിനികള്‍ക്കുനേരേ ലൈംഗികാതിക്രമം

സ്‌കൂള്‍ ഹോസ്റ്റലില്‍ പ്രൈമറി സ്‌കൂൾ   വിദ്യാര്‍ഥിനികള്‍ക്കുനേരേ ലൈംഗികാതിക്രമം നടത്തിയ സര്‍ക്കാര്‍ ഡോക്ടര്‍ അറസ്റ്റിൽ . തിരുച്ചിറപ്പള്ളിയിലെ സര്‍ക്കാര്‍ ഡോക്ടറായ സാംസണെ(31)യാണ് പോക്‌സോ കേസില്‍ പോലീസ് പിടികൂടിയത്.
 

ചെന്നൈ: സ്‌കൂള്‍ ഹോസ്റ്റലില്‍ പ്രൈമറി സ്‌കൂൾ   വിദ്യാര്‍ഥിനികള്‍ക്കുനേരേ ലൈംഗികാതിക്രമം നടത്തിയ സര്‍ക്കാര്‍ ഡോക്ടര്‍ അറസ്റ്റിൽ . തിരുച്ചിറപ്പള്ളിയിലെ സര്‍ക്കാര്‍ ഡോക്ടറായ സാംസണെ(31)യാണ് പോക്‌സോ കേസില്‍ പോലീസ് പിടികൂടിയത്. ഹോസ്റ്റലില്‍ പ്രൈമറി സ്കൂൾ വിദ്യാര്‍ഥിനികളെ ചികിത്സിക്കാനെത്തുന്നതിന്റെ മറവിലാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

അതിക്രമത്തിനിരയായ വിദ്യാര്‍ഥിനികള്‍ ചൈല്‍ഡ് ലൈനില്‍ വിളിച്ച് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ സ്‌കൂളില്‍ നേരിട്ടെത്തി വിദ്യാര്‍ഥിനികളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. പിന്നീട് പരാതി പോലീസിന് കൈമാറുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സാംസണിന്റെ അമ്മ പ്രിന്‍സിപ്പലായി ജോലിചെയ്യുന്ന എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് അതിക്രമത്തിനിരയായതെന്ന് പോലീസ് പറഞ്ഞു. ഹോസ്റ്റലില്‍ താമസിക്കുന്ന ഒന്നാംക്ലാസ് മുതല്‍ അഞ്ചാംക്ലാസ് വരെയുള്ള വിദ്യാര്‍ഥിനികളെയാണ് പ്രതി ഉപദ്രവിച്ചിരുന്നത്. വിദ്യാര്‍ഥിനികളെ പരിശോധിക്കാനും ചികിത്സ നല്‍കാനുമാണ് പ്രതി ഹോസ്റ്റലില്‍ വന്നിരുന്നത്. എന്നാല്‍, ഇതിന്റെ മറവില്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണംചെയ്യുകയായിരുന്നു.