ക്ലാസിൽ സംസാരിച്ചതിന് ഒൻപതാം ക്ലാസുകാരന്റെ മുഖത്തടിച്ച് അധ്യാപകൻ; സ്കൂളിലെത്തിയ പിതാവിനു നേരെയും കയ്യേറ്റശ്രമം
പാലക്കാട് :ചെർപ്പുളശ്ശേരിയിൽ വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ അധ്യാപകന്റെ മർദ്ദനം. ക്ലാസ് മുറിയിൽ സംസാരിച്ചുവെന്നാരോപിച്ച് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ആദിഷ് കൃഷ്ണയുടെ (14) മുഖത്തടിച്ച അധ്യാപകന്റെ നടപടി വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്. തൃക്കടീരി പിടിഎം ഹൈസ്കൂളിലാണ് സംഭവം നടന്നിരിക്കുന്നത്. അടിയേറ്റതിനെ തുടർന്ന് കടുത്ത അസ്വസ്ഥതയും മുഖത്ത് വീക്കവും അനുഭവപ്പെട്ട കുട്ടിയെ രക്ഷിതാക്കളെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താൻ സംസാരിച്ചുവെന്ന കാരണത്താൽ അധ്യാപകൻ ക്രൂരമായി മുഖത്തടിച്ചെന്നും കടുത്ത വേദനയുണ്ടെന്നും കുട്ടി തന്റെ പിതാവ് മോഹൻദാസിനെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ഈ വിവരം അറിഞ്ഞ് സ്കൂളിലെത്തിയ പിതാവിനെ അനുനയിപ്പിക്കുന്നതിന് പകരം അധ്യാപകൻ ആക്രമിക്കാൻ ശ്രമിച്ചതായും മോഹൻദാസ് ആരോപിക്കുന്നു. നേരത്തെയും ഈ അധ്യാപകൻ തന്നെ മർദ്ദിച്ചിട്ടുണ്ടെന്നും, അന്ന് രക്ഷിതാക്കൾ നേരിട്ടെത്തി പ്രധാനാധ്യാപികയോട് പരാതിപ്പെട്ടിരുന്നുവെന്നും കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ചളവറ പഞ്ചായത്തംഗം കൂടിയാണ് ഈ അധ്യാപകൻ എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഇന്ന് സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് ചെർപ്പുളശ്ശേരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രാഥമികാന്വേഷണത്തിന് ശേഷം കർശന നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. വിദ്യാർത്ഥിയെ അടിച്ചതുമായി ബന്ധപ്പെട്ട വിഷയം ഗൗരവമായി അന്വേഷിച്ചുവരികയാണെന്നും നിലവിൽ സ്കൂൾ തലത്തിൽ നിജസ്ഥിതി പരിശോധിക്കുകയാണെന്നും പ്രധാനാധ്യാപിക എം.വി. സുധ പ്രതികരിച്ചു.