സ്കൂളിൽ അധ്യാപകരുടെ മാനസിക പീഡനവും കടുത്ത അവഹേളനവും ; എട്ടാംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി

 

 ബെംഗളൂരു: സ്കൂളിൽ അധ്യാപകരുടെ മാനസിക പീഡനവും കടുത്ത അവഹേളനവും സഹിക്കാനാകാതെ എട്ടാംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. ബെംഗളൂരു മരസുരുവിലെ സർക്കാർ സ്കൂളിലെ വിദ്യാർഥിനിയെയാണ് കഴിഞ്ഞ ദിവസം രാവിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തനിക്ക് നേരിടേണ്ടി വന്ന കടുത്ത മാനസിക വിഷമങ്ങളും അപമാനവും വ്യക്തമാക്കുന്ന കുട്ടിയുടെ കൈപ്പടയിലുള്ള ആത്മഹത്യക്കുറിപ്പ് സൂര്യനഗർ പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ അധ്യാപകൻ പരസ്യമായി ശാസിച്ചതും ഭീഷണിപ്പെടുത്തിയതുമാണ് കുട്ടിയെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നത്.

ഹോംവർക്ക് പൂർത്തിയാക്കാത്തതിന് വിദ്യാർഥിനിയെ അധ്യാപകൻ ക്രൂരമായി വഴക്കുപറയുകയും ഇരുപത് രൂപ പിഴയൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഇതിന് പുറമെ കുട്ടിയെ സ്കൂളിൽ നിന്ന് പുറത്താക്കുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയതായും ആത്മഹത്യക്കുറിപ്പിൽ സൂചനയുണ്ട്. സ്കൂളിൽ വെച്ച് പണം മോഷ്ടിച്ചെന്ന വ്യാജ ആരോപണം ഉന്നയിച്ച് വിദ്യാർഥിനിയെ സഹപാഠികളുടെ മുന്നിൽ വെച്ച് പരസ്യമായി അപമാനിച്ചതായും ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സംഭവങ്ങൾ കുട്ടിയെ മാനസികമായി പൂർണ്ണമായും തളർത്തുകയായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

“എനിക്ക് ഇനി ജീവിക്കാൻ അർഹതയില്ല, ഈ അപമാനം താങ്ങാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല” എന്ന് കുട്ടി ആത്മഹത്യക്കുറിപ്പിൽ കുറിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കത്തിൽ അമ്മയോടും സഹോദരങ്ങളോടും മറ്റ് കുടുംബാംഗങ്ങളോടും കുട്ടി മാപ്പ് അപേക്ഷിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ജീവനൊടുക്കാനുള്ള തീരുമാനം പൂർണ്ണമായും സ്വന്തം സാഹചര്യങ്ങൾ മൂലമാണെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. സ്കൂളിലെ അധ്യാപകരിൽ നിന്ന് നേരിട്ട കടുത്ത മാനസിക പീഡനമാണ് മകളുടെ മരണത്തിന് കാരണമായതെന്ന് മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. വീട്ടിൽ കുട്ടിക്ക് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും, സ്കൂളിലെ ഏതോ അധ്യാപകർ അവളെ നിരന്തരം ബുദ്ധിമുട്ടിച്ചിരുന്നതായി അറിഞ്ഞിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. സംഭവത്തിൽ സൂര്യനഗർ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.