മൈസൂരുവിൽ ജ്വല്ലറിയിൽ പട്ടാപ്പകൽ വൻ കവർച്ച ; മോഷ്ട്ടിച്ചത് 4.5 കോടിയുടെ ആഭരണങ്ങൾ

 

മൈസൂരു: നഗരമധ്യത്തിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ വൻ കവർച്ച. മോഷ്‌ടാക്കൾ തോക്ക് ചൂണ്ടി 4.5 കോടിയുടെ സ്വർണ, വജ്രാഭരണങ്ങൾ കൊള്ളയടിച്ചു. അഞ്ചംഗ സംഘമാണ് കൊള്ള നടത്തിയത്.

28 ആം തിയ്യതി ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. മൈസൂരു ഹുൻസൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള സ്കൈ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന സ്ഥാപനത്തിലായിരുന്നു മോഷണം നടന്നത്. ഏപ്രിൽ 27നായിരുന്നു ജ്വല്ലറി ഉദ്ഘാടനം ചെയ്തത്. ജീവനക്കാരെയും ആഭരണങ്ങൾ വാങ്ങാൻ വന്നവരെയും തോക്കിൻമുനയിൽ നിർത്തിയ സംഘം 4.5 കോടിയുടെ ആഭരണങ്ങൾ കൊള്ളയടിച്ചു

10 ജീവനക്കാരാണ് മോഷണം നടക്കുന്ന സമയത്ത് ജ്വല്ലറിയിൽ ഉണ്ടായിരുന്നത്. ബാക്കിയുള്ളവർ ഭക്ഷണം കഴിക്കാൻ പോയിരിക്കുകയായിരുന്നു. മോഷ്ടാക്കളിൽ ഒരാൾ ഹിന്ദിയിലാണ് സംസാരിച്ചതെന്നും മറ്റുള്ളവർ ആംഗ്യഭാഷയിലൂടെയായിരുന്നു ആശയവിനിമയം നടത്തിയിരുന്നത് എന്നും ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. ജ്വല്ലറിയിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ ആകാശത്തേക്ക് വെടിയുതിർത്ത ശേഷമാണ് സംഘം കടന്നുകളഞ്ഞത്.