പത്തനംതിട്ടയിൽ റിട്ടയർഡ് എസ് ഐ അയൽവാസിയുടെ നെഞ്ചിൽ കുത്തി
തിരുവല്ല: നിരീക്ഷണ ക്യാമറ വെച്ചതിലെ തർക്കത്തിനിടെ റിട്ടയർഡ് എസ് ഐ അയൽവാസിയുടെ നെഞ്ചിൽ കുത്തി. കാവുംഭാഗം മണക്കണ്ടത്തിൽ എം സി ജേക്കബി (63) നാണ് കുത്തേറ്റത്. ഇലഞ്ഞിമൂട്ടിൽ രാജൻ എബ്രാഹാം(62) ആണ് കുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. അയൽക്കാരായ ഇരുകുടുംബങ്ങളും തമ്മിൽ വസ്തു തർക്കം നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ കോടതിയിൽ കേസും നടക്കുന്നുണ്ട്. രാജനെതിരെ ജേക്കബ് പൊലീസിൽ പരാതിയും നൽകിയിരുന്നു. ശനിയാഴ്ച വൈകീട്ട് ജേക്കബ് വീട്ടിൽ സിസി ക്യാമറ സ്ഥാപിച്ചു. ജേക്കബിന്റെ ഗേറ്റിന്റെവശത്ത് സ്ഥാപിച്ച ക്യാമറാ സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും രാജൻ കുത്തുകയുമായിരുന്നു.
ഇടതുനെഞ്ചിൽ ആഴത്തിൽ മുറിവേറ്റ ജേക്കബ് സ്വകാര്യ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഏതാനും വർഷം മുമ്പ് പോലീസിൽ നിന്നും എസ് ഐയായി വിരമിച്ചയാളാണ് രാജൻ. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.