പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 55 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി

സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 15 വയസ്സുകാരിയെ പ്രണയം നടിച്ച് നിരന്തരം പീഡിപ്പിച്ച കേസിൽ യുവാവിന് 55 വർഷം കഠിനതടവും 3.2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

 

 മൂവാറ്റുപുഴ: സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 15 വയസ്സുകാരിയെ പ്രണയം നടിച്ച് നിരന്തരം പീഡിപ്പിച്ച കേസിൽ യുവാവിന് 55 വർഷം കഠിനതടവും 3.2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഞീഴൂർ മരങ്ങോലി അഞ്ജലിയിൽ വി.യു. അനന്തുവിനെയാണ് (30) മൂവാറ്റുപുഴ പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്ജി എ. സമീർ ശിക്ഷിച്ചത്.

പിഴത്തുകയിൽ 3 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ പ്രതി അധിക തടവ് അനുഭവിക്കണം. 2020 ഏപ്രിൽ 20 മുതൽ പെൺകുട്ടിയുടെ വീട്ടിലെത്തി പ്രതി പലതവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
2021 ഡിസംബർ 5-ന് പെൺകുട്ടിയുടെ മുറിയിലെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന പ്രതിയെ വീട്ടുകാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് അപസ്മാരം അഭിനയിച്ച് വെള്ളം ആവശ്യപ്പെട്ട പ്രതി, പെൺകുട്ടിയുടെ അമ്മ വെള്ളമെടുക്കാൻ പോയ തക്കം നോക്കി അടുക്കളയിൽനിന്ന് കത്തിയെടുത്ത് കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു.

വീട്ടിൽ തയ്യാറാക്കിയ ഭക്ഷണത്തിൽ പ്രതി മയക്കുമരുന്ന് കലർത്തിയിരുന്നതായും ഇത് കഴിച്ച് കുടുംബാംഗങ്ങൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായതായും അന്വേഷണത്തിൽ വ്യക്തമായി. കൂത്താട്ടുകുളം പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.