പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; പിതാവിന് മൂന്ന് ജീവപര്യന്തം, ഗർഭം അലസിപ്പിക്കാൻ മരുന്ന് നൽകിയ സ്ത്രീക്ക് കഠിനതടവും പിഴയും
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബിഹാർ സ്വദേശിയായ പിതാവിന് ട്രിപ്ൾ ജീവപര്യന്തം തടവും 15 വർഷം അധിക കഠിനതടവും 3.70 ലക്ഷം രൂപ പിഴയും ശിക്ഷ.
പൊന്നാനി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബിഹാർ സ്വദേശിയായ പിതാവിന് ട്രിപ്ൾ ജീവപര്യന്തം തടവും 15 വർഷം അധിക കഠിനതടവും 3.70 ലക്ഷം രൂപ പിഴയും ശിക്ഷ. ബിഹാർ സ്വദേശിക്കാണ് (52) പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്.
കേസിൽ രണ്ടാനമ്മക്ക് ഒരു മാസം തടവും 5000 രൂപ പിഴയും, ഗർഭം അലസിപ്പിക്കാൻ പച്ചമരുന്ന് നൽകിയ പാലക്കാട് കോട്ടായി സ്വദേശിനിക്ക് 11 മാസം കഠിനതടവും 15,000 രൂപ പിഴയും വിധിച്ചു.
2016ൽ പെരുമ്പടപ്പിലെ വീട്ടിൽവെച്ചാണ് 16കാരിയായ മകളെ പിതാവ് ആയുധം ഉപയോഗിച്ച് മുറിവേൽപ്പിച്ചും ഭീഷണിപ്പെടുത്തിയും പലതവണ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് അമിത രക്തസ്രാവമുണ്ടായി. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ തേടിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ആദ്യം പ്രതിയെക്കുറിച്ച് തെറ്റായ വിവരം നൽകി അന്വേഷണം വഴിതിരിച്ചുവിട്ടെങ്കിലും പെരുമ്പടപ്പ് ഇൻസ്പെക്ടർ പി.എം. വിമോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ പിതാവാണ് പ്രതിയെന്ന് കണ്ടെത്തി. ആറുമാസം നീണ്ട അന്വേഷണത്തിനൊടുവിൽ എട്ടു സംസ്ഥാനങ്ങൾ കടന്ന് രാജസ്ഥാനിലെ ഭിവാഡിയിൽനിന്ന് 2022ൽ പ്രതിയെ അറസ്റ്റ് ചെയ്തു. ഡി.എൻ.എ പരിശോധന ഉൾപ്പെടെ ശാസ്ത്രീയ തെളിവുകളും 36 സാക്ഷികളുടെ മൊഴികളും 51 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവെതന്നെ വിചാരണ പൂർത്തിയാക്കുകയായിരുന്നു.
പിഴയിൽ മൂന്നുലക്ഷം രൂപ അതിജീവിതക്ക് നൽകാനും മതിയായ നഷ്ടപരിഹാരം അനുവദിക്കാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് നിർദേശം നൽകാനും കോടതി ഉത്തരവിട്ടു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ കെ.കെ. സുഗുണ, സപ്ന പി. പരമേശ്വരത്ത് എന്നിവർ ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.